രാജ്യത്ത് ഹരിതവിപ്ലവത്തിന് ശേഷം കൃഷിയിടങ്ങളിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർധിച്ചതായാണ് റിപ്പോർട്ടുകൾ. വിളവ് കൂടുതൽ ലഭ്യമാക്കാനും അവയ്ക്ക് രോഗപ്രതിരോധ ശേഷി നൽകുന്നതിനും ഇത്തരം കീടനാശിനികൾ ഉപയോഗപ്രദമാണെങ്കിലും അവ മണ്ണിന് പ്രത്യാഘാതങ്ങളും സൃഷ്ടിച്ചു.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയെ മാത്രമല്ല പ്രതികൂലമായി ബാധിച്ചത്, ഈ ഭക്ഷ്യവസ്തുക്കൾ കഴിച്ച് പല മാരകമായ പല രോഗങ്ങളും മനുഷ്യനെ പിടികൂടി. ഈ തിരിച്ചറിവ് മനുഷ്യനെ വീണ്ടും ജൈവകൃഷിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കീടങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും ചില ജൈവപ്രയോഗങ്ങൾ വളരെ ഫലപ്രദമാണ്. അത്തരത്തിൽ നിങ്ങളുടെ കൃഷിത്തോട്ടത്തിലേക്ക് വേപ്പ് കൊണ്ടുള്ള കീടനാശിനി (Neem as pesticide) തെരഞ്ഞെടുക്കുകയാണെങ്കിൽ അത് വിളസംരക്ഷണവും കീടങ്ങളെ പ്രതിരോധിക്കുക എന്നതും ഉറപ്പ് വരുത്തുന്നു. കീടനാശിനി ആയി വേപ്പ് എത്രത്തോളം ഫലപ്രദമാണെന്നും അതിൽ നിന്ന് കീടനാശിനി തയ്യാറാക്കുന്നത് എങ്ങനെയെന്നും നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വേപ്പിൻ പിണ്ണാക്ക് , വേപ്പെണ്ണ ഇവയുടെ ഉപയോഗം
അതായത്, ജൈവകൃഷി (Organic farming) പിന്തുടരുന്നവർക്ക് വേപ്പ് ഉപയോഗിച്ചുള്ള നീമാസ്ത്ര (Neemastra) സഹായകരമാണ്. ജൈവകൃഷിയിൽ കീടങ്ങളെ തടയാൻ വേപ്പിൽ നിന്ന് ഉണ്ടാക്കുന്ന കീടനാശിനികളെയാണ് നീമാസ്ത്ര എന്ന് വിളിക്കുന്നത്. ഇത് പ്രാണികളെയും, വണ്ടുകളെയും കീടങ്ങളെയും നിയന്ത്രിക്കുന്നു. നീമാസ്ത്രയുടെ സ്പ്രേയിൽ നിന്നുള്ള മണം കീടങ്ങളെ അകറ്റി നിർത്തുന്നു.
എങ്ങനെ നീമാസ്ത്ര തയ്യാറാക്കാം… (How to prepare neemastra…)
ജൈവകൃഷി ചെയ്യുന്ന ഏതൊരു കർഷകനും കീടങ്ങളെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ നീമാസ്ത്ര തയ്യാറാക്കാം. ഇതിനായി 5 കിലോ വേപ്പിലയോ അതിന്റെ കായോ ആവശ്യമായി വരും. 5 കിലോ ചാണകം, 5 കിലോ ഗോമൂത്രം എന്നിവയും ആവശ്യമാണ്.
വേപ്പിലയും അതിന്റെ കായ്കളും ചതച്ചെടുക്കുക. തുടർന്ന് ചാണകവും ഗോമൂത്രവും കലർത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ മാത്രമല്ല ഇലകളും ആരോഗ്യത്തിൽ മുൻപന്തിയിലാണ്
എല്ലാ മിശ്രിതവും നന്നായി കലക്കിയ ശേഷം ഒരു ചാക്ക് കൊണ്ട് മൂടി 48 മണിക്കൂർ വെയിലേൽക്കാതെ വയ്ക്കണം. എങ്കിലും രാവിലെയും വൈകുന്നേരവും മിശ്രിതത്തിൽ തടിയോ കമ്പോ കൊണ്ട് ഇളക്കിവിടേണ്ടതുണ്ട്. 48 മണിക്കൂർ തണലിൽ സൂക്ഷിച്ചതിന് ശേഷം നീമാസ്ത്ര നിങ്ങളുടെ കൃഷിയിടത്തിലേക്കുള്ള കീടനാശിനി ആയി തയ്യാറായിക്കഴിഞ്ഞു.
നീമാസ്ത്ര തയ്യാറാക്കിയ ശേഷം ഇതിന്റെ 15 ഇരട്ടി വെള്ളം മിശ്രിതത്തിൽ കലർത്തിയിട്ട് വേണം തളിയ്ക്കേണ്ടത്. ഇത് തളിക്കുന്നതിന് മുമ്പ് ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുന്നതിനും ശ്രദ്ധിക്കുക.
ഇതുകൂടാതെ, വേപ്പിന്‍ കഷായവും നിങ്ങളുടെ ജൈവകൃഷിയിൽ ഉൾപ്പെടുത്താവുന്നതാണ്. 100 ഗ്രാം വേപ്പില അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച ശേഷം ചെടികളില്‍ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.
അതുമല്ലെങ്കിൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും കീടങ്ങളെ പ്രതിരോധിക്കുന്നതിൽ അത്യുത്തമമാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്ക് എതിരെ തളിക്കാം.
Share your comments