കേരള കാർഷിക സർവകലാശാലയുടെ കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം വാളൻപുളിയിൽ 'വെഡ്‌ജ് ഗ്രാഫ്റ്റിങ്' എന്ന സാങ്കേതികവിദ്യയിലൂടെ പുതിയ ഒട്ടുതൈകൾക്ക് ജന്മംനല്കി. ആറുമാസം പ്രായമായ ഒട്ടുകമ്പാണ് ഗ്രാഫ്റ്റിങ് രീതിക്കായി തിരഞ്ഞെടുത്തത്.
സ്ഥലപരിമിതിയുള്ളവർക്കും വേണമെങ്കിൽ പുളി വളർത്താം എന്നതിന് പ്രോത്സാഹനമായാണ് സദാനന്ദപുരം കൃഷിസമ്പ്രദായകേന്ദ്രം ഗ്രാഫ്റ്റ് ചെയ്ത പി.കെ.എം. 1 ഇനം പുളിയുടെ തൈകൾ. മാതൃവൃക്ഷത്തിൽ നിന്ന് ആറുമാസം പ്രായമായ പച്ചനിറം മാറി ഇളം തവിട്ടു നിറമാകുന്ന കമ്പുകളാണ് ഇതിനു തിരഞ്ഞെടുത്തത്. ഇത്തരം തൈകൾ 3-4 വർഷം കൊണ്ടു തന്നെ കായ് പിടിക്കാറാകും. വലിയ ചെടിച്ചട്ടികളിലും ഈ ഇനം വളർത്താം. വേണമെങ്കിൽ മട്ടുപ്പാവിലും വളർത്താം.
പുളിങ്കുരു മുളപ്പിച്ച് 8-9 മാസം പ്രായമായ തൈയാണ് ഇവിടെ ഒട്ടുവയ്ക്കാനെടുക്കുന്നത്; അതായത് റൂട്ട് സ്റ്റോക്ക്. ഇതിൽ ഒന്നര ഇഞ്ച് താഴ്ചയിൽ 'V' ആകൃതിയിൽ വിടവുണ്ടാക്കും. ഈ വിടവിലേക്ക് ഒട്ടുകമ്പിലുണ്ടാക്കിയ ആപ്പ് പോലുള്ള ഭാഗം ഇറക്കിവച്ച് പൊതിഞ്ഞുകെട്ടും. 20 ദിവസമാകുമ്പോൾ ഒട്ടിക്കൽ വിജയിച്ചാൽ മുള വളരുന്നത് കാണാം. ഒട്ടുകെട്ട് രണ്ടു മാസം കഴിഞ്ഞേ അഴിക്കാൻ പാടുള്ളൂ. നാലുമാസം കഴിയുമ്പോൾ തൈകൾ ചട്ടിയിലോ നിലത്തോ മാറ്റി നടാം. ചട്ടിയിൽ നടുമ്പോൾ വളർച്ച നോക്കിയിട്ട് കൊമ്പു കോതൽ (പ്രൂണിങ്) ചെയ്യണം. ചെടിയുടെ ഉയരം ക്രമീകരിക്കാൻ വേണ്ടിയാണിത്. തുടക്കത്തിൽ കടുത്ത വെയിലിൽ നിന്ന് സംരക്ഷണം നല്കണം. ജൈവവളങ്ങളും ആവശ്യാനുസരണം ചേർക്കുക.
ഗവേഷണകേന്ദ്രത്തിൽ 50 രൂപ നിരക്കിലാണ് തൈ വില്പന. ഫോൺ: 0474-2663535.
Share your comments