വൈറസ് പരത്തുന്ന രോഗമാണ് കുളമ്പുദീനം വായുവിൽക്കൂടിയാണ് വൈറസ് പകരുന്നത്. മഞ്ഞുകാലത്താണ് രോഗം കൂടുതൽ. വായിലും കുളമ്പുകളുടെ ഇടയിലും കുരുക്കളായി തുടങ്ങി വ്രണമാകുന്നു. നടക്കാൻ വിഷമവും. നല്ല വേദനയുമുണ്ടാകും. മുടന്തിയേ നടക്കൂ. കാൽ പിന്നോട്ട് കുടയും. പനിക്കുകയും വായിൽക്കൂടി പത വരികയും ചെയ്യും. കറവയുള്ള പശുക്കൾക്ക് പാൽ കുറയും. തീറ്റ കുറയ്ക്കും. കറവക്കാരനും പാൽ കുടിക്കുന്നയാൾക്കും രോഗം വരാൻ സാധ്യ തയുണ്ട്. പശുവിന്റെ ഉമിനീരിൽ വൈറസ് ഉണ്ടാവും.
നാടൻ പശുക്കൾക്ക് കുളമ്പുദീനം വളരെ അപൂർവ്വമായി മാത്രമേ വരാറുള്ളൂ. കുളമ്പുദീനം വന്ന പശുവിന്റെ പാൽ കുടിക്കാൻ പാടില്ല. കറന്നുകളയണം. പാൽ കുടിക്കുന്ന പശുക്കുട്ടികൾ വയറിളക്കം വന്ന് ചാകാൻ സാധ്യതയുണ്ട്.
ചികിത്സ പശുവിന്റെ കുളമ്പിൽ
1. വേപ്പെണ്ണയിൽ പച്ചക്കർപ്പൂരം പൊടിച്ചിട്ട് ഒഴിച്ചുകൊടുക്കുക. പലപ്രാവശ്യം ആവർത്തിക്കുക. കല്ലുപ്പ് കിരിയാത്ത്, ശർക്കര സമം അരച്ച് വായിലും ചുറ്റുഭാഗത്തും പുരട്ടുക.
2. ഉപ്പുവെള്ളം ചൂടാക്കി കുളമ്പ് കഴുകുക. വേപ്പെണ്ണയിൽ ചുണ്ണാമ്പു കുഴച്ച് ദിവസത്തിൽ 3-4 പ്രാവശ്യം വീക്കം ഭേദമാകുംവരെ പുരട്ടുക.
3. വാളംപുളിയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടാടോ ഉപ്പ് കടുപ്പത്തിൽ ചേർത്ത് കുളമ്പിൽ ഒഴിക്കുക. ദിവസത്തിൽ പല പ്രാവശ്യം ആവർത്തിക്കുക.
4. പന്നിനെയ്യ് കുളമ്പിലും വായിലും തേച്ചു കൊടുക്കുക.
5. പച്ചമഞ്ഞൾ, ആര്യവേപ്പില, ആത്തയില ഇവ സമം അരച്ച് കുളമ്പിൽ പുരട്ടുക.
6. കശുവണ്ടി തോടോടുകൂടി വറചട്ടിയിലിട്ട് വറക്കുക. എണ്ണ ഊറ്റിയെടുത്ത് സൂക്ഷിച്ചുവച്ച് ദിവസവും 2-3 പ്രാവശ്യം കുളമ്പിൽ ഒഴിച്ചുകൊടുക്കുക. രോഗമില്ലാത്ത കുളമ്പിലും ഒഴിക്കണം, ഭേദമാകുംവരെ ആവർത്തിക്കുക.
7. ചൂടുള്ള ഉപ്പുവെള്ളത്തിൽ കുളമ്പു കഴുകുക. കല്ലുപ്പ് 10 ഗ്രാം, ഉമിക്കരി അല്ലെങ്കിൽ ഇല്ലറക്കരി 10 ഗ്രാം, ഉണക്കമണൽ ചുട്ടത് 10 ഗ്രാം ഇവ ചേർത്തുപൊടിച്ച് അല്പം പന്നിനെയ്യിൽ കുഴച്ച് കുളമ്പിൽ പുരട്ടുക.
8. ശുദ്ധമായ തെങ്ങിൻ കള്ള് അര ലിറ്റർ എടുക്കുക. 200 ഗ്രാം ആര്യ വേപ്പില അരച്ചത് ഇതിൽ കലക്കി കൊടുക്കുക.
9 . പുളിച്ച മോരിൽ (1 ലിറ്റർ) ആര്യവേപ്പില 200 ഗ്രാം അരച്ച് കലക്കി കൊടുക്കുക.
Share your comments