നോനി (മൊറിൻഡ സിട്രിഫോളിയ) അഥവാ ഇന്ത്യൻ മൾബറി 10 മുതൽ 30 അടി വരെ ഏകദേശ ഉയരത്തിൽ വളരുന്ന ചെടിയാണ് . ഇന്ത്യൻ മൾബറി എന്ന വിളിപ്പേരുകൂടി ഇതിനുണ്ട്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഈ പഴം ഇപ്പോൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തുന്നുണ്ട്. ഒരു ഉരുളക്കിഴങ്ങിന്റെ വലിപ്പമുള്ള ഈ പഴം നമ്മുടെ നാട്ടിലെ കടച്ചക്കയോട് സാമ്യം പുലർത്തുന്നു. എന്നാൽ ഫലത്തിന്റെ സുഖകരമല്ലാത്ത മണം കാരണം ചീസ് ഫ്രൂട്ട് എന്നും വൊമിറ്റ് ഫ്രൂട്ട് എന്നും പേരുണ്ട്.
വിത്ത് മുളപ്പിച്ചും, തണ്ട് നട്ടും, എയർ ലെയറിങ്ങ് വഴിയും ഇവ വളർത്താം. വിത്ത് മുളപ്പിക്കുകയാണെങ്കിൽ നഴ്സറിയിൽ ചൂടുള്ള അന്തരീക്ഷം ഒരുക്കണം. പാത്രങ്ങളിൽ നേരിട്ട് വിതച്ചും പ്രോട്രേകളിൽ വിത്തുകൾ മുളപ്പിച്ചും പ്രജനനം ചെയ്യാവുന്നതാണ്. പ്രോട്രേകളിൽ ജൈവമിശ്രിതം ചേർക്കുന്നതാവും അനുയോജ്യം. ആദ്യത്തെ 2 ഇലകൾ വരുന്നതു വരെ വളങ്ങൾ ഒന്നും ചേർക്കേണ്ടതില്ല.
തൈകൾ രണ്ട് മാസം മുതൽ ഒരു വർഷം വരെ വളർച്ചയെത്തിയാലാണ് മാറ്റി നടേണ്ടത്. തണ്ട് മുറിച്ച് നട്ടാൽ മൂന്ന് ആഴ്ചകൾ കൊണ്ട് മാറ്റി നടാവുന്നതാണ്. ഏകദേശം 20-40 സെ.മീ. നീളമുള്ള തണ്ടുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇവയ്ക്കെല്ലാം ഔഷധഗുണം ഉള്ളതിനാൽ എപ്പോഴും ജൈവവള പ്രയോഗം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന് മൂന്ന് വർഷം പഴക്കം എത്തുമ്പോൾ കായ്ക്കുകയും അഞ്ചാം വർഷം മുതൽ കൃത്യമായി വിളവ് ലഭിക്കുകയും ചെയ്യും.
കേരളത്തിലെ ചതുപ്പുകളിലും മറ്റും വളർന്നിരുന്ന ഈ പഴത്തിന്റെ വാണിജ്യാടിസ്ഥാനം തിരിച്ചറിഞ്ഞ് കൃഷി ചെയ്യാൻ തുടങ്ങേണ്ടതാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുത്ത് വേണം കൃഷി തുടങ്ങാൻ. അമ്ലത്വവും ഉപ്പു രസവുമുള്ള മണ്ണിൽ പോലും ഇവ സമൃദ്ധമായി വളരും. തണലുള്ള കാടുകളിലും മണൽ പ്രദേശങ്ങളിലും വളരും. വർഷം മുഴുവൻ പഴങ്ങളും ഇലകളും നിലനിൽക്കുന്നത് ഒരു പ്രത്യേക കാഴ്ചയാണ്.
ഏകദേശം 10-18 സെ.മീ. വ്യാസത്തിൽ പഴം വളർന്നു വരും. തുടക്കത്തിൽ പച്ച നിറവും പിന്നീട് മഞ്ഞ നിറമായി മാറി, പഴുത്ത് പാകമായാൽ വെള്ള നിറമായിത്തീരും. ഫലത്തിൽ ധാരാളം വിത്തുകൾ ഉണ്ടാവും. ഔഷധഗുണമുള്ള പഴവും ചെടിയുമാണ്. എക്കാലത്തും കായ്ക്കുമെങ്കിലും തണുപ്പുകാലത്തക്കാൾ കൂടുതൽ പഴങ്ങൾ ഉണ്ടാകുന്നത് വേനൽക്കാലത്താണ്.
നോനിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കി അവയെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷിയാണ്. കേരളത്തിൽ നിരവധി ഇടങ്ങളിൽ ഈ ഔഷധസസ്യത്തിന് കൃഷി സാധ്യതകളുണ്ട്.
Share your comments