<
  1. Organic Farming

ഓണത്തിനൊരുമുറം പച്ചക്കറി - വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്

Arun T
സെക്രട്ടേറിയറ്റ് അങ്കണത്തിൽ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
സെക്രട്ടേറിയറ്റ് അങ്കണത്തിൽ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് പോഷക ഗുണവും സുരക്ഷിതവുമായി പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പുകളിൽ നിന്ന് തന്നെ ലഭ്യമാക്കുവാൻ ഉദ്ദേശിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തിൽ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കാത്തിരിയും, തക്കാളിയും വിളവെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. കൃഷി മന്ത്രി അധ്യക്ഷനായ ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, കെ.പി. മോഹനൻ എം എൽ എ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കൃഷി അഡിഷണൽ ഡയറക്ടർമാരായ, സുനിൽ എ ജെ, തോമസ് സാമുവൽ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ നിസാം എസ്. എ. മറ്റ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഈ വർഷം സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി കൃഷിയോടൊപ്പം പുഷ്പകൃഷിക്കും തുടക്കം കുറിച്ചിരുന്നു. പച്ചക്കറി ഇനങ്ങളായ വഴുതിന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നിവ 560 ചെടിച്ചട്ടികളിലും, ചീര പച്ച, ചുവപ്പ് - അരുൺ, വ്ലാത്തങ്കര, മത്തൻ, പടവലം, വെള്ളരി - (30 തടം), സാലഡ് വെള്ളരി, പയർ, പാവൽ എന്നിവ നിലത്ത് കൃഷി ചെയ്തിരുന്നു. കൂടാതെ മുളക്, വഴുതിന. തക്കാളി എന്നീ ഇനങ്ങളുടെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമാണ് കൃഷി ചെയ്യാനായി വിനിയോഗിച്ചത്. ഉദ്ദേശം 1 ടൺ വിളവാണ് സെക്രെട്ടറിയറ്റിലെ പച്ചക്കറി കൃഷിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. പച്ചക്കറിയോടൊപ്പം പൂക്കൾ ലഭിക്കുന്നതിനും, കീടരോഗ നിയന്ത്രണത്തിനുമായി ഓറഞ്ച്, മഞ്ഞ ഇനത്തിൽപ്പെട്ട 1200 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളും സെക്രെട്ടറിയറ്റിൽ പൂത്തുലഞ്ഞു. കൃഷി വകുപ്പ് ഫാമുകൾ, കേരള കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ. കാർഷിക കർമ്മസേന, അഗ്രോ സർവ്വീസ് സെൻ്റർ എന്നിവിടങ്ങളിൽ നിന്നുമാണ് നടീൽ വസ്തുക്കളും ഉല്പാദനോപാധികളും ലഭ്യമാക്കിയത്.

ഓണനാളുകളിൽ പച്ചക്കറി സുലഭമായി ലഭിക്കുന്നതിനും വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണത്തിനൊരുമുറം പദ്ധതിയിലൂടെ ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 

പച്ചക്കറി വികസന പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 6045 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം കൃഷി വകുപ്പ് നടപ്പിലാക്കുന്നത്.

പച്ചക്കറി വികസന പദ്ധതി പ്രവർത്തനങ്ങൾ :

1) 1 ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണം

2) 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളുടെ വിതരണം

3) 25 ലക്ഷം വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ വിത്ത് പാക്കറ്റുകളുടെ വിതരണം

4) 40 ലക്ഷം ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെ ഉള്ള പച്ചക്കറി തൈകളുടെ വിതരണം

5) വിവിധ മാധ്യമങ്ങൾ മുഖേന 3 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളുടെ വിതരണം

6) ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ 1 ലക്ഷം തൈകളുടെ വിതരണം

7) 1 ലക്ഷം പോഷകത്തോട്ടങ്ങളുടെ നിർമ്മാണം.

8) 8000 യൂണിറ്റ് മൺചട്ടി/HDPE ചട്ടികളിൽ 25 എണ്ണം വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് വിതരണം

9) 30000 സ്ക്വയർ മീറ്ററിൽ മഴമറ കൃഷി

10) സർക്കാർ/സർക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളിൽ പ്രോജക്ട് അടിസ്ഥാനത്തിൽ പച്ചക്കറി

കൃഷി

11) 203 ഹെക്ടർ സ്ഥലത്ത് കൃത്യതാ കൃഷി

12) 4240 ഹെക്ടർ സ്ഥലത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി

13) 2496.87 ഹെക്ടർ സ്ഥലത്ത് ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ലാതെ ഉള്ള പച്ചക്കറി കൃഷി

14) 150 ഹെക്ടർ സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷി

15) 80 ഹെക്ടർ സ്ഥലത്ത് പരമ്പരാഗത പച്ചക്കറി കൃഷി പ്രോത്സാഹനം

മേൽ പറഞ്ഞ പദ്ധതി ഘടകങ്ങൾ നടപ്പിലാക്കുന്നതിലൂടെ സുരക്ഷിത പച്ചക്കറികൾ നമ്മുടെ നാട്ടിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കാനും അതിലൂടെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

English Summary: Onathinu oru muram pachakkari - inagurated by chief minister

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds