സാമാന്യം ഉയർന്ന പ്രദേശങ്ങളിൽ വളരുന്നവയാണ് തണുപ്പ് ഇഷ്ടപ്പെടുന്ന ഓർക്കിഡുകൾ; അതായത് 2500 മീറ്ററിലും ഉയരെ ഇവയ്ക്ക് പകൽ അൽപം ചൂട് ഇഷ്ടമാണെങ്കിലും രാത്രിയിൽ താപനില 12 സെന്റിഗ്രേഡ് വരെ താഴുന്നതിൽ വിരോധമില്ല. ഉയർന്ന മല പ്രദേശങ്ങളിൽ വളരുന്ന ഓർക്കിഡുകളൊക്കെ ഈ വിഭാഗത്തിലാണ് പെടുന്നത്. സിംബിഡിയം, ഒഡെന്റോഗ്ലോസം തുടങ്ങിയവ.
പൊതുവേ പറഞ്ഞാൽ രാത്രിസമയത്ത് ഓർക്കിഡുകളെല്ലാം താപനില കുറയുന്നതാണിഷ്ടപ്പെടുന്നത്. താപനിലയിൽ 10-15 ഡിഗ്രി വരെയുള്ള കുറവ് തുടർച്ചയായി 3-4 ആഴ്ചക്കാലം നിലനിന്നാൽ അത് പുഷ്പിക്കലിന് പ്രചോദനമാകും. പകൽച്ചൂടിൽ സംഭരിക്കുന്ന ആഹാരവും പോഷകങ്ങളും രാത്രിയിലെ തണുത്ത താപനിലയിൽ മറ്റു രീതിയിൽ ഉപയോഗിക്കപ്പെടാതെ പുഷ്പോത്പാദനത്തിന് വിനിയോഗിക്കാൻ കഴിയുന്നു.
വിദേശരാജ്യങ്ങളിലും, വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ ഓർക്കിഡ് വളർത്തുന്ന നഴ്സറികളിലും താപനിലയിലെ വ്യതിയാനം യഥാസമയം സൂക്ഷ്മമായി അളക്കുവാൻ ഓർക്കിഡ് പുരകളിൽ "മാക്സിമം-മിനിമം" തെർമോമീറ്റർ ഉപയോഗിച്ചു വരുന്നു.
സങ്കരയിനം ഓർക്കിഡുകൾക്കാകട്ടെ അവയുടെ മാതൃ-പിതൃ സസ്യങ്ങളുടെ സ്വഭാവം അനുസരിച്ച് ഒരേ സമയം വ്യത്യസ്ത താപനിലയുമായി പൊരുത്തപ്പെടാൻ കഴിയാറുണ്ട്. ഉദാഹരണത്തിന് തണുത്ത താപനിലയിൽ വളരുന്നതും മധ്യമതാപനിലയിൽ വളരുന്നതുമായ രണ്ട് ഓർക്കിഡുകൾ തമ്മിൽ സങ്കരണം നടത്തിക്കിട്ടുന്ന പുതിയ തൈയ്ക്ക് ഈ രണ്ട് താപപരിധികളിലും വളരാൻ കഴിവുണ്ടായിരിക്കും.
കേരളത്തിലെ കാലാവസ്ഥയിൽ ഓർക്കിഡുകൾ വളർത്തുമ്പോൾ പകൽ താപനില 32 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുന്ന അവസരങ്ങളിൽ പകൽ രണ്ടു നേരം മൂടൽമഞ്ഞു പോലെ വളരെ നേർത്ത തുള്ളികളായി വെള്ളം തളിച്ച് താപനില നിയന്ത്രിക്കാം. രാവിലെ 11 നും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും ഇങ്ങനെ ചെയ്യണം.
Share your comments