ഓർക്കിഡുകൾക്കെല്ലാം ഒരേ താപപരിധിയിൽ വളരാൻ കഴിയുകയില്ല. ഓരോ ഇനത്തിനും വേണ്ട താപനില വ്യത്യസ്തമാണ്. ഓർക്കിഡുകളെ അവയ്ക്കാവശ്യമായ താപപരിധിക്കനുസരിച്ച് മൂന്നായി തരംതിരിച്ചിരിക്കുന്നു. നല്ല താപനിലയിൽ വളരാൻ ഇഷ്ടപ്പെടുന്നവ (warm growing), മധ്യതാപനിലയിൽ വളരുന്നവ (interme diate), തണുത്ത പ്രദേശങ്ങളിൽ വളരുന്നവ (cool growing).
നല്ല ചൂടിൽ വളരാൻ ഇഷ്ടപ്പെടുന്ന ഓർക്കിഡുകൾക്ക് പകൽ താപനില 21-29° സെന്റിഗ്രേഡും രാത്രി താപനില 18 സെന്റിഗ്രേഡും ആയിരിക്കണം. അരാക്ക്നിസ്, വാൻഡ, വാനില, അസ്കോസെൻടം, മിൽറ്റോണിയ, ഡോറിറ്റിസ്, റെനാന്തറ, പെരിസ്റ്റേരിയ, സ്പാഥോ ഗ്ലോട്ടിസ് എന്നിവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്ന ഓർക്കിഡുകളാണ്. ഭൂനിരപ്പിൽ നിന്ന് 1000-1800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവ വളരും.
മനുഷ്യരെപ്പോലെ തന്നെ മിതമായ അഥവാ മധ്യമ പരിധിയിലുള്ള താപനില ഇഷ്ടമുള്ള ഓർക്കിഡുകളാണധികവും. ഇവയ്ക്ക് പകൽ താപനില 29 സെന്റിഗ്രേഡും രാത്രി താപനില 15 സെന്റിഗ്രേഡും ആയിരിക്കണം.
സമുദ്രനിരപ്പിൽ നിന്ന് 1800 മുതൽ 2500 വരെ മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ ഇവ വളരും. കാറ്റ്ലിയ, ഫലനോപ്സിസ്, കൺസീഡിയം, സൈഗോപെറ്റലം, കലാ, ലേലിയ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.
പൊതുവേ പറഞ്ഞാൽ രാത്രിസമയത്ത് ഓർക്കിഡുകളെല്ലാം താപനില കുറയുന്നതാണിഷ്ടപ്പെടുന്നത്. താപനിലയിൽ 10-15 ഡിഗ്രി വരെയുള്ള കുറവ് തുടർച്ചയായി 3-4 ആഴ്ചക്കാലം നിലനിന്നാൽ അത് പുഷ്പിക്കലിന് പ്രചോദനമാകും. പകൽച്ചൂടിൽ സംഭരിക്കുന്ന ആഹാരവും പോഷകങ്ങളും രാത്രിയിലെ തണുത്ത താപനിലയിൽ മറ്റു രീതിയിൽ ഉപയോഗിക്കപ്പെടാതെ പുഷ്പോത്പാദനത്തിന് വിനിയോഗിക്കാൻ കഴിയുന്നു
Share your comments