പ്രകൃതിയിൽ നമുക്കുചുറ്റും കാണുന്ന ചില സസ്യങ്ങളെ കിടങ്ങൾ വളരെ കുറച്ചുമാത്രം ആക്രമിക്കുന്നതായി കാണാവുന്നതാണ്. അങ്ങനെയുള്ള സസ്യങ്ങളുടെ മിശ്രിതച്ചാറ് ഉണ്ടാക്കി ചെടികളിൽ തളിച്ചുകൊടുത്താൽ കീടങ്ങളെ അകറ്റി നിർത്താൻ സാധിക്കും. കീടനിവാരിണിയായി തിരഞ്ഞെടുക്കുന്ന സസ്യങ്ങളെ താഴെപ്പറയുന്ന രീതിയിൽ തരംതിരിക്കാവുന്നതാണ്.
എ) കന്നുകാലികൾ ഭക്ഷിക്കാത്ത സസ്യങ്ങൾ,
ബി) ചവർപ്പുരസമുള്ള ഇലകളോടുകൂടിയ സസ്യങ്ങൾ.
സി) ചവർപ്പുരസമുള്ള വിത്തുകൾ, ചവർപ്പുരസമുള്ള സസ്യങ്ങൾ.
ഡി) കറകൾ ഉള്ള സസ്യങ്ങൾ.
ഇ )പ്രത്യേക ഗന്ധമുള്ള ഇലകളുള്ള സസ്യങ്ങൾ.
കീടനിവാരണത്തിന് ഉപയോഗിക്കുന്ന സസ്യങ്ങൾ പ്രധാനമായി ശീമക്കൊന്ന, ആര്യവേപ്പ്, കടലാവണക്ക്, കിരിയാത്ത്, ആത്ത, കാഞ്ഞിരം, എരിക്ക്, കാട്ടുതുളസി, പുകയില, വെളുത്തുള്ളി, ഉമ്മം, കരിനൊച്ചി, കൊങ്ങിണി, ഉങ്ങ്, ഇഞ്ചിപ്പുല്ല്, കറ്റാർവാഴ എന്നിവയാണ്.
കീടനിയന്ത്രണ മിശ്രിതം തയ്യാറാക്കുവാനായി മേൽപ്പറഞ്ഞ ഇലകളിൽ 3-4 തരം ആകെ അഞ്ചുകിലോ എടുത്ത് ചെറുതായി മുറിച്ച് ഒരു ചാക്കിൽ കെട്ടി, 5 കിലോ ചാണകം, 100 ഗ്രാം ശർക്കര, 10 ഗ്രാം ഈസ്റ്റ്, 100 ലി. വെള്ളം എന്നിവ ചേർത്ത് കലക്കിയ ലായനിയിൽ, ഒരു സിമന്റ് തൊട്ടിയിലോ, വീപ്പയിലോ മുക്കിവയ്ക്കുക.
ഇതിനെ തണലിൽ മൂടി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും 10 മിനിറ്റ് നന്നായി ഇളക്കുക. 15-20 ദിവസങ്ങളിൽ ലായനി ദുർഗ്ഗന്ധം വരാത്ത മിശ്രിതമായി മാറുന്നു. ഇതിനെ അരിച്ചെടുത്ത് ചെടികളിൽ തളിക്കാം. മണ്ണിലും ചേർത്ത് കൊടുക്കാവുന്നതാണ്.
സസ്യസത്ത് ഉപയോഗിച്ചുള്ള കീടങ്ങളുടെ നിയന്ത്രണ മാർഗ്ഗങ്ങൾ
കീടം - ത്രിപ്പുകൾ - ജൈവരീതിയിലുള്ള പരിഹാരം
1 കി.ഗ്രാം. കീരിയാത്ത് ഇല ചെറുതായി നുറുക്കിയതും 10 ലിറ്റർ ഗോമൂത്രവും ചേർത്ത് 12 മണിക്കൂർ വയ്ക്കുക. ഇത് അരിച്ച് 1 ലിറ്റർ ലായനിക്ക് 20 ലിറ്റർ വെള്ളം എന്ന തോതിൽ ചെടികളിൽ തളിയ്ക്കുക
കീടം - വേരുതീനിപ്പുഴുക്കൾ - ജൈവരീതിയിലുള്ള പരിഹാരം
ആത്തക്കുരു/ഉങ്ങിൻകുരു 500 ഗ്രാം അരച്ച് പേസ്റ്റാക്കി 10 ലിറ്റർ ഗോമൂത്രത്തിൽ കലക്കി 12 മണിക്കൂർ വയ്ക്കുക. ഇത് 10 ഇരട്ടി നേർപ്പിച്ച് ചെടികൾക്കു ചുറ്റും ഒഴിച്ചു കൊടുക്കുക.
കീടം - മീലിമൂട്ടകൾ - ജൈവരീതിയിലുള്ള പരിഹാരം
വേപ്പിൻ പിണ്ണാക്ക് 5 കിലോ, കരിനൊച്ചിയില 5 കിലോ, പാർത്തിനിയം /കർപ്പൂര തുളസി ഇല 5 കിലോ വീതം എടുത്ത് ചതച്ച് 50 ലിറ്റർ വെള്ളത്തിൽ 8-10 ദിവസം വച്ചതിനുശേഷം 10 ഇരട്ടി വെള്ള ത്തിൽ നേർപ്പിച്ച് ചെടിയുടെ ചുവ ട്ടിൽ ഒഴിച്ചുകൊടുക്കുക.
കീടം - തണ്ടുതുരപ്പൻ പുഴു - ജൈവരീതിയിലുള്ള പരിഹാരം
വേപ്പിൻ കുരു സത്ത് തളിക്കുക.
കീടം - ഇലപ്പേനുകൾ - ജൈവരീതിയിലുള്ള പരിഹാരം
പുകയിലക്കഷായം, നാറ്റപ്പൂച്ചെടിമി ശ്രിതം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇവ വളരെ ഫലപ്രദമാണ്.
കീടം - ചിത്രകീടം - ജൈവരീതിയിലുള്ള പരിഹാരം
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിയ്ക്കുക. മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുക.
കീടം - നിമാവിരകൾ - ജൈവരീതിയിലുള്ള പരിഹാരം
കമ്യൂണിസ്റ്റ് പച്ച ആര്യവേപ്പിന്റെ ഇല എന്നിവകൊണ്ട് പുതയിടുക. വേപ്പിൻ പിണ്ണാക്ക്, ആവണക്കിൻ പിണ്ണാക്ക് എന്നിവ മണ്ണിൽ ചേർത്തു കൊടുക്കുക.
കീടം - ഇലതീനിപ്പുഴുക്കൾ - ജൈവരീതിയിലുള്ള പരിഹാരം
വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം എടുത്ത് 10 ലിറ്റർ വെള്ളത്തിൽ കുതിർത്ത് 12 മണിക്കൂർ വച്ച ശേഷം ഇലകളിൽ തളിക്കുക.
Share your comments