വിരിപ്പ് വൈകി നട്ട പാടങ്ങളിൽ രണ്ടാം മേൽ വളപ്രയോഗത്തിനു സമയമായി വളപ്രയോഗത്തിനു മുൻപ് പാടത്തെ വെള്ളം വാർത്തുകളയണം. വളപ്രയോഗം കഴിഞ്ഞ് കുറഞ്ഞത് 12 മണിക്കൂറിന് ശേഷമേ പാടത്ത് വെള്ളം കയറ്റാവൂ. 120 ദിവസം മൂപ്പുള്ള ഇനങ്ങൾക്ക് വിത്തിട്ട് 55 ദിവസങ്ങൾക്കുള്ളിലോ, ഞാറുനട്ട് 35-40 ദിവസങ്ങൾക്കുള്ളിലോ അതായത് അടിക്കണപരുവത്തിന് ഒരാഴ്ച്ച മുൻപ് അവസാനത്തെ വള പ്രയോഗം കഴിഞ്ഞിരിക്കണം. മേൽവളം ശുപാർശ പ്രകാരം ചേർക്കണം.
ഓലചുരുട്ടിപ്പുഴുവിൻ്റെ ആക്രമണസാധ്യതയുള്ള പാടങ്ങളിൽ ഇതിനെതിരെ ട്രൈക്കോഗ്രാമ കീലോണിസ് എന്ന മിത്രപ്രാണിയുടെ കാർഡുകൾ നാട്ടണം. പോള അഴുകൽ രോഗസാധ്യതയുള്ള പാടങ്ങളിൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പ്രയോഗിക്കുന്നത് ഫലപ്രദമാണ്. നെല്ല് കതിരാകുന്ന സമയത്ത് വരാൻ സാധ്യതയുള്ള മറ്റൊരു രോഗമാണ് ബാക്‌ടീരിയൽ ഇലകരിച്ചിൽ ഇല മഞ്ഞളിപ്പും കരിച്ചിലുമാണ് ലക്ഷണം. മഞ്ഞളിപ്പ് കാണുന്ന ഇല നെടുകെ മുറിച്ചയുടൻ മുറിപ്പാട് ഒരു ചില്ലു ഗ്ലാസിലെടുത്ത വെള്ളത്തിൽ മുക്കിപിടിക്കുക. മുറിപ്പാടിൽ നിന്നും പാലു പോലുള്ള ദ്രാവകം ഊറിവന്നാൽ അത് ബാക്ടിരിയൽ രോഗമാണെന്ന് അനുമാനിക്കാം. 20 ഗ്രാം 1 ലിറ്റർ എന്ന തോതിൽ പുതിയ ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിയാൻ വച്ചശേഷം മുകളിലെ തെളി പാടത്ത് തളിക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്.
ഒരു ഏക്കറിന് 200 ലിറ്റർ വേണം. രോഗം മറ്റു ഭാഗങ്ങളിലേക്ക് പകരാതിരിക്കാൻ ഒരു ഏക്കറിൽ 2 കി. ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ കിഴി കണ്ടത്തിൽ വെള്ളം കയറുന്ന ഭാഗത്ത് പി.ജി.പി.ആർ. മിശ്രിതം ഇലകളിൽ തളിച്ചുകൊടുക്കുന്നതും കുമിൾ. ബാക്ടീരിയൽ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്. ഇതിന്റെ ലഭ്യതയറിയാൻ വെള്ളായണി കാർഷിക കോളേജിലെ മൈക്രോബയോളജി വിഭാഗവുമായി ബന്ധപ്പെടുക.
കതിർ നിരന്ന് പാൽപരുവത്തിൽ ചാഴിയുടെ ഉപദ്രവമുണ്ടാകും ചാഴിക്കെതിരെ ഗോമൂത്രം-കാന്താരി മിശ്രിതം തളിക്കുന്നതുപോലുള്ള ജൈവനിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കാം
Share your comments