<
  1. Organic Farming

നെൽകൃഷിക്ക് കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യം: കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

കേരളത്തിലെ നെൽകൃഷിയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.

Arun T

കേരളത്തിലെ നെൽകൃഷിയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ)യിലൂടെ അനുവദിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

നിലവിൽ ആർ.കെ.വി.വൈ പദ്ധതിയിൽ ലഭിക്കുന്ന മൊത്ത കേന്ദ്ര സഹായത്തിന്റെ 10% മാത്രമേ നെൽകൃഷിയ്ക്ക് അനുവദിക്കുന്നുള്ളൂ. ഈ പരിധി ഉയർത്തി കൂടുതൽ കേന്ദ്ര സഹായം അനുവദിക്കുകയും, അത്തരത്തിൽ കൂടുതൽ നെൽ കർഷകർക്ക് സഹായമെത്തിക്കുവാനും സാധിക്കും. കേരളത്തിലെ നെൽകൃഷിയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് ഈ ആവശ്യം പ്രത്യേകം പരിഗണിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി സംസ്ഥാനത്തിന് ഉറപ്പ് നൽകി.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ 10,000 കാർഷികോത്പാദന സംഘടനകളു (എഫ്.പി.ഒ)ടെ രൂപീകരണവും കാർഷിക മേഖലയുടെ വികസനവും എന്ന പദ്ധതിയിൽ കേരളത്തിലെ എഫ്.പി.ഒ നടത്തിപ്പ് ഏജൻസിയായ സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യ (എസ്.എഫ്.എ.സി)ത്തെ ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രകൃഷിമന്ത്രിയെ അറിയിക്കുകയുണ്ടായി. കേരളത്തിലെ എസ്.എഫ്.എ.സി ഇപ്പോൾ തന്നെ പ്രത്യേക പദ്ധതി സഹായമായി 50 പുതിയ എഫ്.പി.ഒ രൂപീകരണവും 50 നിലവിലുള്ള എഫ്പിഒകളുടെ ശാക്തീകരണവുമെന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിന് വേണ്ടി ഒരു പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു) സ്ഥാപിച്ചു കഴിഞ്ഞതായും, അതിനാൽ കൂടുതൽ കാർഷികോത്പാദന സംഘടനകളുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ കേരളത്തിലെ എസ്.എഫ്.എ.സി. പര്യാപ്തമാണെന്നും കൃഷി മന്ത്രി അറിയിച്ചു. കേരളത്തിൽ നടപ്പിലാക്കുന്ന എഫ്.പി.ഒ.കൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും, കേരളത്തിന്റെ ആവശ്യം ഉടൻ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി അഭിപ്രായപ്പെട്ടു.

സ്മാർട്ട് കൃഷി ഭവൻ, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ എന്നീ പദ്ധതികൾ കേരളത്തിൽ 2022ൽ തന്നെ ആരംഭിച്ചുവെന്നും, കേന്ദ്ര സർക്കാർ ഈ വർഷം നടപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ ക്രോപ്പ് സർവ്വേ, കേരളത്തിന്റെ മൂന്നാം 100ദിന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാർഷിക വിവരങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയായ കേരള അഗ്രി-സ്റ്റാക് പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പിലാക്കി വരുന്നുവെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിൽ ജൈവകൃഷി മിഷൻ രൂപീകരിച്ച കാര്യവും കൃഷിമന്ത്രി കേന്ദ്ര കൃഷി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ജൈവകൃഷിയും പ്രകൃതി കൃഷിയും കേരളത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമാണെന്നും കൃഷിമന്ത്രി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും ഉണ്ട കൊപ്ര സംഭരണത്തിന് വേണ്ട അനുമതി കേരളത്തിന് ഉടനെ ലഭ്യമാക്കേണ്ടതുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾക്ക് അനുമതി നൽകുമെന്ന് കേന്ദ്രം സമ്മതിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി - കാർഷിക അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവൽ പ്രോഗ്രാം-KERA)യുടെ പുരോഗതി കൃഷി മന്ത്രി കേന്ദ്ര കൃഷി വകുപ്പുമായി ചർച്ച ചെയ്തു. കൂടാതെ, കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ മില്ലറ്റ്‌സ് (ചെറു ധാന്യങ്ങൾ) സംബന്ധിച്ചുള്ള ഒരു ദേശീയ ശില്പശാല സംഘടിപ്പിക്കാമെന്നുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുകയും, ഇതിൽ കേന്ദ്രകൃഷി വകുപ്പ് മന്ത്രി പങ്കെടുക്കുവാനും, ഇന്ത്യയിലെ ആദ്യത്തെ കാർബൺ തുലിത ഫാമായി 2022 ഡിസംബർ 10ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച ആലുവയിലെ ഓർഗാനിക് ഫാം സന്ദർശിക്കുവാനും കേന്ദ്രകൃഷി മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.


കാർഷികോല്പാദന കമ്മീഷണർ ഡോ.ബി. അശോക് ഐ.എ.എസ്., കൃഷി ഡയറക്ടർ അഞ്ജു കെ.എസ്. ഐ എ എസ്, കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ കേന്ദ്രമന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ സന്നിഹിതരായിരുന്നു.

English Summary: Paddy farming need more help : Agriculture minister

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds