വാഴയിൽ കാണുന്ന കറുനാമ്പുരോഗം പോലെ മാരകമായ മറ്റൊരു രോഗമാണ് പനാമാവിൽറ്റ്. ഈ രോഗം വ്യാപകമായി കണ്ടുവരുന്നുണ്ടെങ്കിലും ഭൂരിപക്ഷം കൃഷിക്കാർക്കും രോഗത്തെ തിരിച്ചറിയാൻ കഴിയാത്തതുമൂലം ആവശ്യമായ പ്രതിവിധി വേണ്ട സമയത്തു ചെയ്യുവാൻ കഴിയാതെ പോവുകയും വാഴ പൂർണമായി നശിച്ചു പോവുകയും ചെയ്യുന്നു. ഈ രോഗത്തിനു കാരണം ഫ്യൂസേറിയം മാക്‌സസ് പോറം ക്യൂബെൻസ് എന്ന ഒരിനം കുമിളാണ്.
ഇലകളുടെ വക്കുകളിൽ നിന്നും നാമ്പിലേക്കു മഞ്ഞളിപ്പു വ്യാപിക്കുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. ആദ്യം വിരിയുന്ന ഇലകളിൽ രോഗലക്ഷണങ്ങൾ നേരത്തെ കണ്ടു തുടങ്ങുകയും അവസാനം വിരിയുന്നവയിൽ സാധാരണയായി ഒടുവിൽ രോഗബാധ കാണുകയും ചെയ്യുന്നു. ഈ ഇലകൾ ക്രമേണ വാടുകയും തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇങ്ങനെ ഏറ്റവും ഉള്ളിലെ ഇല കഴിച്ച് മറ്റെല്ലാ ഇലകളും വാടിത്തുങ്ങി വീഴുന്നു. വാഴയുടെ തണ്ടുകളിൽ അവിടവിടെയായി വിള്ളലുകൾ കാണാം.
രോഗം ബാധിച്ച വാഴകൾ കുലയ്ക്കുന്നില്ല അഥവാ കുലയുണ്ടായാൽത്തന്നെ വളരെ ശോഷിച്ചതും കുറച്ചു കായ്‌കൾ മാത്രമുള്ളതുമായിരിക്കും. രോഗം ബാധിച്ച വാഴയുടെ മാണം മുറിച്ചു നോക്കിയാൽ തവിട്ടു നിറത്തിലുള്ള പാടുകളും വരകളും കാണും. ഈ രോഗത്തിനു കാരണമായ കുമിൾ മണ്ണിൽ ജീവിക്കുന്നതിനാൽ മണ്ണിൽക്കൂടിയും കന്നുകളിൽക്കൂടിയും രോഗം പകരുന്നതാണ്.
വാഴക്കന്നു നടുന്നതിനു മുൻപ് 2 ഗ്രാം ബാവിസ്റ്റിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആ ദ്രാവകത്തിൽ മുക്കി ഉപയോഗിച്ചാൽ രോഗം പകരുന്നത് തടയാൻ കഴിയും. രോഗം ബാധിച്ച വാഴയുടെ മൂട്ടിൽ ആരംഭദശയിൽത്തന്നെ മുകളിൽ പ്രസ്‌താവിച്ച ദ്രാവകം മണ്ണു നനയത്തക്ക വിധം ഒഴിക്കേണ്ടതാണ്. രോഗം ബാധിച്ച വാഴകൾ മൂടോടു കൂടി പിഴുതെടുത്തു നശിപ്പിക്കണം. വാഴക്കന്ന് നടുന്നതിന് രണ്ടാഴ്‌ച മുമ്പ് ഒരു കിലോഗ്രാം കുമ്മായം വീതം ഓരോ കുഴിയിലും ഇടുക.
Share your comments