രോഗവിമുക്തമയ വിത്തുകളും തൈകളും തണ്ടു വേരുപിടിപ്പിച്ചതും ഗ്രാഫ്റ്റും ലെയറും നടാൻ ഉപയോഗിക്കാം. ഒരടിയിൽ കൂടുതൽ വളർച്ച എത്തിയ പാഷൻ ഫ്രൂട്ട് ചെടികൾ വെയിൽ ഉദിക്കുന്നതിനു മുമ്പോ, അല്ലെങ്കിൽ അസ്‌തമയ ശേഷമോ പറിച്ചു നടുന്നതാണ് ഏറ്റവും നല്ലത്. ചെടികൾ വളരുന്നതിനനുസരിച്ച് ചെറിയ കമ്പുകളോ കയറോ ഉപയോഗിച്ച് പന്തലിലേക്ക് പടർത്തി വിടാം.
വള്ളികൾ നല്ലതു പോലെ പന്തലിൽ പടർന്നാൽ പിന്നെ ചെടിക്ക് താങ്ങ് കൊടുക്കേണ്ട കാര്യമില്ല. വള്ളിയിൽ നിന്നു പൊട്ടി വരുന്ന ശാഖകൾ ചുറ്റിലേക്കും ക്രമമായി പടർത്തി വിട്ടാൽ വള്ളികൾ പെട്ടെന്ന് പടർന്ന് പന്തലിക്കുകയും പുഷ്‌പിച്ച് കായ്ക്കുകയും ചെയ്യും. പാഷൻ ഫ്രൂട്ടിന്റെ, പ്രത്യേകിച്ച് മഞ്ഞ ഇനങ്ങളിൽ സ്വയം പരാഗണം സാധാരണമല്ലാത്തതുകൊണ്ടും ചില സാഹചര്യങ്ങളിൽ പരാഗണത്തിൽക്കൂടി പോലും പൂത്തു കായ്ക്കാത്തതു കൊണ്ടും വ്യത്യസ്‌ത ഇനങ്ങൾ ഒരേ പന്തലിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും അഭികാമ്യം. ഇങ്ങനെയായാൽ പാരാഗണ പ്രശ്‌നങ്ങൾ തരണം ചെയ്യുവാനും കൂടുതൽ വിളവു ലഭിക്കാനും സഹായകമാകും.
ഒരേ ചെടിയിൽ നിന്നു തന്നെ തണ്ട് വേരുപിടിപ്പിക്കുന്നതും ഒരേ ചെടിയിൽനിന്നു തന്നെ ടിഷ്യുകൾച്ചർ ചെയ്ത‌് എടുത്തതുമായ ചെടികൾ മാത്രം തോട്ടത്തിൽ വളർത്തിയാൽ പരാഗണ പ്രശ്നങ്ങൾക്കും തന്മൂലം ഉണ്ടാകുന്ന ഫലക്കുറവിനും ഇടയാക്കും. പരപരാഗണം സാധ്യമാകുന്നതിനും കൂടുതൽ വിളവുത്പാദനത്തിനും വേണ്ടി പല മാതിരിയിലുള്ള വള്ളികൾ കെട്ടുപിണഞ്ഞു വളരുന്ന രീതിയിൽ വേണം ചെടി വളർത്താൻ. 60 ഘന സെ.മീ വലുപ്പത്തിലുള്ള കുഴികളിൽ മേൽമണ്ണും ചാണകവും ഫോസ്‌ഫറസറസും ചേർത്തു വേണം ചെടി നടുവാൻ. ഹെക്ടറിൽ 400 മുതൽ 600 ചെടികൾ വരത്തക്ക വിധം 4.5 മുതൽ 6 മീറ്റർ അകലം പാലിച്ചു വേണം ചെടികൾ നടുവാൻ.
Share your comments