കീടനാശിനികൾ തളിക്കുമ്പോൾ ഒരു പ്രത്യേക കീടത്തിനെ നശിപ്പിക്കുന്ന മിത്രകീടങ്ങളാണ് ആദ്യമെ നശിക്കുന്നത്. ഉദാഹരണത്തിന് നെല്ലിലെ കീടങ്ങളെ നശിപ്പിക്കുന്ന ഏഴുതരം ചിലന്തികൾ, തവള, തുമ്പി, ലഡി ബേർഡ് ബീറ്റിൽസ് എന്നിവ മുഴുവൻ നശിക്കുന്നു. കീടനാശിനി പ്രയോഗം നെല്ലിന്റെ ശത്രുകീടങ്ങളെ നശിപ്പിക്കാൻ കഴിയുന്ന കൊക്ക്, മൂങ്ങ എന്നിവയെ നെൽപ്പാടത്ത് നിന്നകറ്റാനും കാരണമാകും.
ഒരു കീടനാശിനി തുടർച്ചയായി അടിക്കുമ്പോൾ അതിനെ ചെറുക്കാൻ കഴിവുള്ള പുതിയ ബയോടൈപ്പുകൾ ഉണ്ടാകുകയും അങ്ങനെ അവ കീടനാശിനിയുടെ ഉപയോഗം ചെറുക്കുകയും ചെയ്യും. ഉദാഹരണത്തിന് മുഞ്ഞയ്ക്ക് ഇപ്പോൾ നാലു ബയോടൈപ്പുകൾ കാണുന്നുണ്ട്.
വിളകളിൽ കീടനാശിനികൾ തളിക്കുമ്പോൾ അവയുടെ അംശം ചെടികളിൽ അടിയും. അതു പോലെ അവ മണ്ണിലും അടിയും, ചെടികളിലും മണ്ണിലും കീടനാശിനികളിൽ പലതും രണ്ടു മൂന്നാഴ്ച ഉപദ്രവകാരിയായി തുടരും. ഈ സമയത്ത് മൃഗങ്ങളും മനുഷ്യരും ചെടിയുടെ ഭാഗങ്ങൾ ഭക്ഷിച്ചാൽ (പച്ചക്കറി/വൈക്കോൽ മുതലായവ) കീടനാശിനി അവ യുടെ ശരീരത്തിൽ പ്രവേശിക്കും. മണ്ണിൽ വീണ കീടനാശിനി വെള്ളത്തിലൂടെ ഒലിച്ച് കുടിവെള്ളത്തിലും ജലാശയത്തിലും കലരും, ജലാശയത്തിലെ ചെടികളിൽ കീടനാശിനി എത്തും. അവ തിന്നുന്ന മീനുകളിലും കീടനാശിനി എത്തും.
മീൻ ഭക്ഷിക്കുന്ന പക്ഷികളിലും മനുഷ്യരിലും ഈ കീടനാശിനി അവസാനം അടിയും, മൃഗങ്ങളിലും പക്ഷികളിലും അടിയുന്ന കീടനാശിനി പാലിലൂടെയും മാംസത്തിലൂടെയും ശരീരത്തിൽ അടിയുന്ന കീടനാശിനികൾ പലതരത്തിലുള്ള രോഗങ്ങളും വരുത്തും. ഡി.ഡി.റ്റി., ബി.എച്ച്.സി. മുതലായ "ഓർഗാനോ ക്ലോറിൻ വിഭാഗത്തിൽപ്പെട്ട കീടനാശിനികൾ മനുഷ്യ ശരീരത്തിലെ കെ. റാസ്' എന്ന ജീനിൽ മ്യൂട്ടേഷൻ വരുത്തുകയും അതുവഴി പാൻക്രിയാസിന് ക്യാൻസർ വരുത്തുമെന്നും കണ്ടിട്ടുണ്ട്.
ചിതലിനെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന ഹെപ്റ്റാഫോർ, കോർഡൻ മുതലായ കീടനാശിനി ശരീരത്തിലെ കൊഴുപ്പിൽ അടിയുകയും അവ നമ്മുടെ മറ്റു ചില ഹോർമോണുകളെ അനുകരിക്കുകയും ബ്രസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ വരുത്തുകയും ചെയ്യുന്നു. പല കീടനാശിനികളും കിഡ്നി, തലച്ചോറ്, കരൾ എന്നിവയ്ക്ക് ഹാനികരമാണ്. ജനിതക മാറ്റം വരുത്തി മന്ദ ബുദ്ധികളായും അംഗവൈകല്യമുള്ളതുമായ കുഞ്ഞുങ്ങൾ പിറക്കുന്നതിന് പല കീടനാശിനികളും കാരണമാകും.
കാസർഗോട് ജില്ലയിലെ PK യുടെ കശുമാവിൻ തോട്ടങ്ങളിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്ന എൻഡോസൾഫാൻ വിഭാഗം കീടനാശിനി മേൽപ്പറഞ്ഞ അപകടങ്ങളോടു കൂടി കുട്ടികൾ ജനിക്കുന്നതിന് കാരണമായെന്ന് സമീപകാലത്തെ ചരിത്രം വ്യക്തമാക്കുന്നു. ഇതേ അപകടം തന്നെ കർണ്ണാടകയിലെ കശുമാവിൻ തോപ്പിലും എൻഡോസൾഫാൻ തളിക്കുന്ന തോട്ടങ്ങളുടെ അടുത്ത് ജീവിക്കുന്നവരിൽ കാണപ്പെട്ടു. അതു പോലെ ഹൈറേഞ്ച് മേഖലയിൽ ഏലകൃഷിയിലെ ഏലപ്പേനിനെ നിയന്ത്രിക്കാനായി ഏഴു തവണയോളം കീടനാശിനികൾ ആഗസ്റ്റ് മുതൽ മേയ് വരെയുള്ള മാസങ്ങളിലായി തളിക്കും.
ഫേൻയോൺ, പെൻതോയേറ്റ്, ഫോർമോത്തയോൺ, മിതോയേറ്റ്, വിഭാഗങ്ങളിൽപ്പെട്ട കീടനാശിനികൾ മാറിമാറിയാണ് ഇവിടെ തളിക്കുക. ഈ കീടനാശിനികളുടെ അമിത ഉപയോഗം മൂലം ഏലം മേഖലയ്ക്ക് താഴെയുള്ള ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് കാഞ്ചിയാർ പഞ്ചായത്തിൽ ക്യാൻസർ രോഗം വളരെ വർദ്ധിച്ചതായി കാണുന്നു. തേയില, പച്ചക്കറി കൃഷികളിൽ വ്യാപകമായ തോതിലാണ് കീടനാശിനി പ്രയോഗം. ഇത് നഗരങ്ങളിലേക്കും കീടനാശിനികളുടെ ഉപദ്രവം കൈമാറുന്നതാണ്. ഒരു മാസം വരെ മണ്ണിലും സസ്യത്തിലും അപകടകാരിയായി കിടക്കാവുന്ന ഫുറഡാൻ കീടനാശിനിയുടെ ഉപയോഗം പച്ചക്കറികൃഷിയിൽ വ്യാപകമാണ്.
ഓർഗാനോ ക്ലോറിൻ വിഭാഗം കീടനാശിനികൾ മത്സ്യം വഴി പക്ഷികളിൽ എത്തുകയും അതുവഴി അവ കനം കുറഞ്ഞ മുട്ടത്തോടുള്ള മുട്ടകൾ ഇടുകയും ചെയ്യും. മുട്ടത്തോടിന് കനം കുറവാകയാൽ മുട്ട് വിടുമ്പോൾത്തന്നെ അവ പൊട്ടുകയും ചില പക്ഷിസമ്പത്തുകൾ അങ്ങനെ തന്നെ അന്ന്യം വന്നുപോകാൻ അതു കാരണമാവുകയും ചെയ്തു.
സന്താനോല്പാദനശേഷി നഷ്ടപ്പെടുക, പുരുഷന്മാരിൽ ബീജാണുക്കളുടെ എണ്ണം കുറയുക, ഗർഭസ്ഥശിശുവിന്റെ തലച്ചോറിനും അവയവങ്ങൾക്കും അംഗവൈകല്യമുണ്ടാക്കുക മുതലായവയും പലതരം കീടനാശിനികൾ കാരണമാകാവുന്നതാണ്.
മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി തകർത്തു കളയുന്നതാണ് പല കീടനാശിനികളും.
Share your comments