പ്രകൃതി സൗഹൃദ കൃഷിയിൽ മരച്ചീനി നടുന്നതും പ്രത്യേക രീതിയിലാണ്. ചരിവുള്ള സ്ഥലമാണെങ്കിൽ ചരിവിന് എതിരായി 2 അടി വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരം കോരുന്നു. ഇത് ഏപ്രിൽ മാസത്തിലെങ്കിലും ചെയ്തു തീർക്കണം. മെയ് മാസത്തിലെ പുതു മഴയ്ക്ക് വാരത്തിന്റെ മദ്ധ്യഭാഗത്ത് 3 അടി അകലത്തിൽ ഓരോ മരച്ചിനിക്കമ്പ് മുറിച്ചു നടുക. മരച്ചീനിക്കിടയിൽ, ജൂൺ മാസമാകുമ്പോഴേക്കും മഞ്ഞൾ നടണം.
എലിയെ അകറ്റി നിർത്താനാണ് മഞ്ഞൾ നടുന്നത്. മരച്ചീനി കിളുർത്ത് രണ്ടാഴ്ച കഴിയുമ്പോഴേക്ക് പണയുടെ (വാരത്തിന്റെ) ഇരുവശങ്ങളിലും ഉണങ്ങിയ തെങ്ങോലകൾ നീളത്തിൽ മുഴുവനായി അടുക്കി വയ്ക്കുന്നു. ഇത് എലിയെ, പ്രത്യേകിച്ച് പെരുചാഴിയെ തുരത്താനാണ്. മരച്ചീനിക്കമ്പുകൾ മുറിച്ച്, നടുന്നതിനു മുമ്പ് 10 മിനിറ്റോളം ബിജാമൃതത്തിൽ മുക്കി നടുന്നത് വേഗം വേരുകൾ കിളിച്ചു വരുന്നതിന് സഹായിക്കും.
ബീജാമൃതം ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ പച്ചച്ചാണകത്തിൽ മരച്ചീനിയുടെ മണ്ണിനടിയിൽ പോകുന്ന ഭാഗം മുക്കിയെടുത്ത് ഉടനെ നടാം. രണ്ടാഴ്ച കഴിയുമ്പോൾ ജീവാമൃതം വാരത്തിനു മീതെ ഒഴിച്ചു കൊടുക്കണം. പിന്നീട് 2 ആഴ്ച കൂടുമ്പോൾ ജീവാമൃതം ഒഴിച്ചു കൊടുത്തിരിക്കണം. ഒഴിക്കുന്നത് മരച്ചീനിയുടെ ചുവട്ടിൽ നിന്ന് ഒരടി മാറി വാരത്തിന്റെ ഇരുവശങ്ങളിലും വാരങ്ങളുടെ ഇടയ്ക്കുള്ള സ്ഥലത്തുമായിരിക്കണം. ഇത് 6 മാസം വരെ തുടരാം.
ഗോമൂത്രം ശേഖരിക്കാൻ നാടൻ പശുവിന്റെ തൊഴുത്തിൽ രാവിലെ പാൽ കറക്കാൻ ചെല്ലുമ്പോൾ പശു എഴുന്നേറ്റുനിന്ന് മൂത്രമൊഴിക്കും. സങ്കരയിനം പശുക്കൾ ഇങ്ങനെ ചെയ്യില്ല. തോന്നുന്ന സമയത്താണ് ഒഴിക്കുക. പശു മൂത്രമൊഴിച്ചില്ലെങ്കിൽ ഒരു മഗ്ഗ് വെള്ളം പശുവിന്റെ മൂത്രമൊഴിക്കുന്ന ഭാഗത്തു ഒഴിച്ചാൽ ഉടനെ പശു മൂത്രമൊഴിക്കും.
ഒരു ബക്കറ്റ് പിറകിൽ പിടിച്ചാൽ ഇതു ശേഖരിക്കാം. 5 ലിറ്റർ മൂത്രം വരെ ഒരു ദിവസം ഒരു പശുവിൽ നിന്നു ലഭിക്കും. മൂത്രം ശേഖരിക്കാവുന്ന രീതിയിൽ തൊഴുത്തു നിർമ്മിച്ചാൽ എപ്പോൾ മൂത്രമൊഴിച്ചാലും ഒരു ടാങ്കിൽ മൂത്രം ശേഖരിക്കപ്പെടും. പഴകിയ ഗോമൂത്രമാണ് മരച്ചീനി കൃഷിക്ക് ഏറ്റവും നല്ലത് .
Share your comments