ഒക്ടോബർ മാസം ഉത്തരേന്ത്യയിൽ പലസ്ഥലങ്ങളിലും പൂവത്തിന്റെ ധാരാളം കായ്കൾ വിളഞ്ഞു പഴുക്കുന്നു. സഹ്യപർവത സാനുക്കളിലും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും പൂവും കായും ധാരാളും കാണാം. കേരളത്തിൽ മുക്കുന്നിമല അഗസ്ത്യർകൂടം എന്നീ സ്ഥലങ്ങളിലും അമ്പൂരി, കട്ടമല എന്നിവിടങ്ങളിലും നിലമ്പൂർ വനമേഖലയിലും ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ പാകമായി കാണുന്നത്.
പാകമായ ഫലങ്ങളിൽ നിന്ന്, ഉണക്കി, വിത്ത് വേർതിരിച്ചെടുത്ത് തൈകൾ ഉൽപ്പാദിപ്പിക്കാനായി ഉപയോഗിക്കുന്നു. ഫലങ്ങളിലെ മാംസളഭാഗം മാറ്റി വിത്ത് ഉണക്കിയാൽ മൂന്നുമാസത്തിനകം മുളപ്പിച്ച് തൈകളാക്കണം. പുതുവിത്തിനാണ് വീര്യം. സാധാരണ പോളിത്തീൻ കവറിൽ നിറയ്ക്കാൻ നിർദ്ദേശിക്കാറുള്ള മൺമിശ്രിതത്തിൽ 2 സെ.മീ. ആഴത്തിൽ ഒരു കവറിൽ രണ്ടു വിത്തു പാകി നനച്ച് മുളപ്പിക്കാം. നാലില പ്രായം മുതൽ പോളിത്തീൻ കവർ മാറ്റി പ്രധാനകുഴിയിൽ നടാം. ഒന്നരവർഷം പ്രായമായ തൈകൾ നടുന്നതാണ് മെച്ചം. തൈകൾ തമ്മിൽ 8-10 മീറ്റർ അകലം ക്രമീകരിക്കുന്നത് മെച്ചമായ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും സഹായിക്കും.
സാമാന്യം വളക്കൂറുള്ള മണ്ണിൽ വളപ്രയോഗം വേണ്ട. ഔഷധാവശ്യത്തിന് ഉപയോഗിക്കേണ്ടതിനാൽ രാസവളങ്ങളോ കീടനാശിനികളോ പ്രയോഗിക്കുവാൻ ശുപാർശ ചെയ്യുന്നില്ല. മഴ മാത്രം ആശ്രയിച്ചു വളരുന്ന കീടരോഗ ബാധകൾ അശേഷമില്ലാത്ത ഒരു വൃക്ഷമാണ്. ആകെയുള്ള ഒരു ഭീഷണി കോലർക്കുണ്ടാക്കുന്ന പ്രാണികളുടെ ഉപദ്രവമാണ്. വേനൽ പരിചരണ മെന്ന നിലയ്ക്ക് മരത്തിന് ചുറ്റും ചുവട്ടിൽ ഒന്നരമീറ്റർ ചുറ്റളവിൽ 15 സെ. മീ. കനത്തിൽ കരിയില നിരത്തുന്നത് നന്ന്. മഴ കഴിഞ്ഞ് മണ്ണിലെ ഈർപ്പം നഷ്ടപ്പെടും മുൻപ് ഇത് ചെയ്യണം.
Share your comments