പൊട്ടുവെള്ളരിയുടെ ഒരു കിലോ വിത്തിനു ഏകദേശം 6000-7000 രൂപ വില വരും. നടുന്നതിന് മുമ്പ് വിത്ത് 12 മണിക്കൂറിൽ വെള്ളത്തിലിട്ട് കുതിർക്കും. പിന്നീട് വെള്ളം വാർത്ത് കളഞ്ഞ് വിത്ത് നനഞ്ഞ തുണിയിൽ പൊതിഞ്ഞ് മുളക്കാൻ വെക്കുക. 12 മണിക്കൂർ കഴിയുമ്പോൾ മുളപൊട്ടിത്തുടങ്ങും. ഇങ്ങനെ മുളപൊട്ടിയ വിത്തുകളാണ് നടുന്നത്. കുഴികളിലോ ചാലുകളിലോ വിത്ത് നടാം.
കൊയ്തു കഴിഞ്ഞ പാടങ്ങൾ ഉഴുതു തയ്യാറാക്കി 6 അടി അകലത്തിൽ കുഴികളെടുക്കും. കുഴികൾക്ക് ഏതാണ്ട് 1 അടി നീളവും 3/4 അടി വീതിയും 1/2 അടി ആഴവുമുണ്ടാകും. ഉണങ്ങിയ ചാണകപ്പൊടിയും കപ്പലണ്ടിപ്പിണ്ണാക്കും ഇട്ടശേഷം കുഴികൾ മേൽമണ്ണിട്ട് മൂടും. ഓരോ കുഴിയിലും 8 വിത്തുകൾ വീതം നടും. മുളഭാഗം മുകളിലോട്ടാക്കി, ചാലുകോരിയുള്ള കൃഷിയാണങ്കിൽ, 1-1/14 അടി വീതിയിൽ ചാലുകളെടുത്ത് അവയിൽ ഒരടി അകലത്തിൽ കുഴികളെടുത്ത് ഓരോ കുഴിയിലും രണ്ടു വിത്തുകൾ വീതം നടും. രണ്ടു ചാലുകൾക്കിടയിൽ 6 അടി അകലം നൽകും.
ചില കർഷകർ വിത്തിടുന്ന സമയത്ത് വേപ്പിൻ പിണ്ണാക്ക് ഇടും കീടശല്യം കുറക്കുന്നതിനായി. 10-12 ദിവസം കഴിയുമ്പോൾ കൂടുതലുള്ള തൈകൾ പറിച്ചു കളയും. ചാലുകോരിയുള്ള കൃഷിയിൽ ഒരു കുഴിയിൽ ഒരു തൈ മാത്രം നിർത്തും. കുഴികളിലാണ് വിത്ത് നട്ടിരിക്കുന്നതെങ്കിൽ ഓരോ കുഴിയിലും നാലോ അഞ്ചോ തൈകൾ നിർത്തും. ജൈവരീതിയിലാണ് കൃഷിയേറെയും.
രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാറില്ല. ഉണങ്ങിയ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചാണകവെള്ളം എന്നിവ ധാരാളമായി നൽകും. തൈകൾക്കൊപ്പം കുഴികളിൽ കളകൾ മുളക്കും. അവയെ യഥാസമയം പറിച്ചു മാറ്റും. കുഴികളുടേയും ചാലുകളു ടേയും ഇടയിലുള്ള സ്ഥലത്തെ മണ്ണ് ചെറിയ തൂമ്പ ഉപയോഗിച്ച് ഇളക്കി നിരത്തുന്നു. ഇവിടെയാണ് ചെടികൾ വളർന്ന് വള്ളി വീശുന്നതും പൂവിടുന്നതും കായകൾ ഉണ്ടാകുന്നതും. മണ്ണ് നിരപ്പാക്കിയില്ലെങ്കിൽ കായ്കൾക്ക് ശരിയായ ആകൃതി ലഭിക്കില്ല
Share your comments