കർഷകന് ഉണ്ടാക്കി എടുക്കാവുന്ന ചില ജൈവ കീടനാശിനികൾ
ബോർഡോമിശ്രിതം ഉണ്ടാക്കുന്ന വിധം
പ്രകൃതിദത്തമായ ഒരു കുമിൾ നാശിനിയാണ് ബോർഡോമിശ്രിതം. 100 ഗ്രാം തുരിശ് പൊടിച്ച്, 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക ചുണ്ണാമ്പാക്കി 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക.
തുരിശ് ലായനി ചുണ്ണാമ്പു ലായനിയിലേക്ക് ഒഴിച്ചു നല്ലവണ്ണം ഇളക്കി ചേർക്കുക. ഇപ്രകാരം ലഭിച്ച 10 ലിറ്റർ ലായനിയിൽ തേച്ച് മിനുക്കിയ ഒരു ഇരുമ്പ് കത്തിയുടെ അഗ്രം കുറച്ചു സമയം മുക്കിപ്പിടിക്കുക, കത്തിയുടെ അഗ്രത്ത് ചെമ്പിന്റെ ലായനി അടിയുന്നുവെങ്കിൽ കുമ്മായ (ചുണ്ണാമ്പു) ലായനി അല്പാല്പമായി ചേർത്ത് ലായനി ശരിയാക്കുക. നല്ലതു പോലെ തയ്യാർ ചെയ്ത ബോർഡോ മിശ്രിതം ലായനിക്ക് ആകാശനീലിമയുടെ നിറമായിരിക്കും. തയ്യാറാക്കിയ ഉടനെ തന്നെ ബോർഡോ മിശ്രിതം ഉപയോഗിക്കുക. . മൺപാത്രങ്ങളോ, പ്ലാസ്റ്റിക് പാത്രങ്ങളോ മാത്രം ആണ് ബോർഡോ മിശ്രിതം ഉണ്ടാക്കുവാൻ ഉപയോഗിക്കേണ്ടത്.
മറ്റു പ്രകൃതിദത്ത കീടരോഗനാശിനികൾ
1. സൾഫർ - ചില കുമിൾ രോഗങ്ങൾ, ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കുന്നു.
2. ചാരം - ചെറിയ കിടങ്ങൾ, ചാഴി എന്നിവയെ പ്രതിരോധിക്കുന്നു. പയറിലെ മുഞ്ഞക്ക് അതിരാവിലെ ചാരം തൂവുന്നത് നല്ലതാണ്.
3. ചുണ്ണാമ്പ് - മണ്ണിലൂടെ ഉണ്ടാവുന്ന ചില രോഗങ്ങളെ പ്രതിരോധിക്കുന്നു.
4. ചെളി - ചില കുമിൾ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കുന്നു.
5. സോപ്പ് ലായനി - മൂഞ്ഞ് മുതലായ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ പ്രതിരോധിക്കുന്നു.
ചാണക പാൽ
200 ഗ്രാം പച്ചചാണകം, 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനി അരിച്ചെടുക്കുക. ഈ ചാണകപ്പാൽ തളിച്ച് ചെടികളിലെ ബാക്ടീരിയ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്
Share your comments