തുറസ്സായ സ്ഥലങ്ങളിൽ ഉദ്യാനം തയാറാക്കുന്നതു പോലെ തന്നെയോ അതിലധികമോ ശ്രദ്ധ ആവശ്യപ്പെടുന്നതാണ് സ്ഫടികോദ്യാന നിർമിതി. വലിപ്പത്തിലും നിറത്തിലും വളർച്ചാ സ്വഭാവത്തിലുമൊക്കെ വ്യത്യസ്ഥത പുലർത്തുന്ന ചെടികൾ വേണം ടെറേറിയത്തിൽ വളർത്താൻ. കാരണം ടെറേറിയം എപ്പോഴും നാം ഒരു വശത്തു നിന്ന് മാത്രമായിരിക്കും ഒരു സമയം നോക്കുക അഥവാ കാണുക. അതിനാൽ ഇതിനുള്ളിലെ വളർച്ചാ മാധ്യമവും അൽപ്പം ചരിവോടെ വേണം ക്രമീ കരിക്കാൻ, ചെടികളാകട്ടെ ഇതിൽ ഉയരമനുസരിച്ച് വളർത്താനും ശ്രദ്ധി ക്കണം. ടെറേറിയത്തിനുള്ളിൽ തന്നെ ചെറിയ പാറക്കഷണങ്ങൾ,മണൽ, തടി എന്നിവ ഉപയോഗിച്ച് കുന്നുകളും താഴ്വാരങ്ങളുമൊക്കെ ഉണ്ടാക്കാം
ചെടികൾ നടുന്നതിനു മുൻപു തന്നെ സ്ഫടികപ്പാത്രം കഴുകി വൃത്തിയാക്കണം. ഇതിന് നേരിയ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിക്കാം. എന്നിട്ട് പാത്രം ഉണങ്ങാൻ അനുവദിക്കുക. ഇനി വേണം നീർവാർച്ചയുള്ള ഘടകങ്ങളും വളർച്ചാമാധ്യമവും സ്ഫടികപ്പാത്രത്തിൽ നിക്ഷേപിക്കാൻ. സ്ഫടികപ്പാത്രത്തിന്റെ ആകെ വലിപ്പത്തിന്റെ കാൽ ഭാഗം വളർച്ചാ മാധ്യമവും നീർവാർച്ചാ പദാർത്ഥങ്ങളും കൊണ്ട് നിറയ്ക്കണം. ഇവ ഒരു സ്പൂണോ ചോർപ്പോ കൊണ്ട് ഉള്ളിൽ നിക്ഷേപിക്കാം. നല്ല കരിക്കഷണങ്ങളും ഉത്തേജിത കരിയും (Activated charcoal) ഉരുണ്ട ചെറുകല്ലുകളുമാണ് പാത്രത്തിന്റെ ഏറ്റവും അടിത്തട്ടിലായി നീർവാർച്ച സുഗമമാക്കാൻ നിർത്തുന്നത്. കരിക്കഷ്ണങ്ങൾ സസ്യ വളർച്ചയ്ക്ക് ഹാനികരമായ രാസപദാർത്ഥങ്ങളെ ഒഴിവാക്കാനും സഹായിക്കും.
ചരൽ, മാർബിൾ ചിപ്സ്, പൊട്ടിച്ച ചട്ടിക്കഷ്ണങ്ങൾ എന്നിവക്കു മീതെ കരി അര ഇഞ്ച് കനത്തിൽ കരി നിരത്തിയാൽ മതി. ഇനി വേണം വളർച്ചാമാധ്യമം ചേർക്കാൻ. ഇത് ഒന്നര ഇഞ്ച് കനത്തിൽ നിരത്താം. തുടർന്ന് ചെടികൾ നടാം. സ്ഫടികോദ്യാനത്തിന്റെ ആകെ വലിപ്പത്തിന് ആനുപാതികമാം വിധം ക്രമീകരിച്ചു വേണം ചെടികൾ നടാൻ എന്ന് പ്രത്യേകം ഓർക്കുക. അടഞ്ഞ പാത്രത്തിനുള്ളിലെ ചെടി നടീൽ തുറസ്സായ സ്ഥലത്ത് ചെടികൾ നടുന്നതുപോലെ അത്ര എളുപ്പമായിരിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ. ഇതിന് തികഞ്ഞ ശ്രദ്ധയും ക്ഷമയും കൂടിയേ തീരു. നീളമുള്ള ഫോസോ അറ്റത്തൊരു കമ്പി വളച്ചു കുത്തിയ നീളൻ കമ്പോ കൊണ്ടൊക്കെ വേണം തൈകൾ ടെറേറിയത്തിനുള്ളിലേക്കിറക്കാനും മാധ്യമത്തിൽ ഉറപ്പിക്കാനും.
തൈകൾ എല്ലാം നട്ടുകഴിഞ്ഞാൽ പാത്രത്തിന്റെ ഉൾഭാഗം വെള്ളം തളിച്ച് വൃത്തിയാക്കുകയും വേണം. തൈകൾ നട്ടുകഴിഞ്ഞയുടൻ ടെറേറിയം അടയ്ക്കരുത്. ഒരു ദിവസം കൂടെ ഉൾഭാഗത്ത് ജലത്തുള്ളികൾ അതിനേർമ്മയോടെ തളിക്കുന്നത് തുടരുക. തുടർന്ന് ചെടികളുടെ ഇലകൾ നന്നായി ഈർപ്പവിമുക്തമാക്കാൻ അനുവദിക്കുക. ഇതിനുശേഷം ആണ് അടഞ്ഞ ടെറേറിയത്തിനാണെങ്കിൽ അടപ്പു കൊണ്ട് അടയ്ക്കേണ്ടത്
തൈകൾ നട്ട് ആദ്യത്തെ കുറച്ച് ആഴ്ചകൾ ടെറേറിയം നിരന്തരം നിരീക്ഷണത്തിലായിരിക്കണം. കാരണം ഈയവസരത്തിലാണ് ഇതിൽ ചില രോഗങ്ങൾ തല പൊക്കുക.
ഏതെങ്കിലും തരത്തിലുള്ള വാട്ടമോ ക്ഷീണമോ അഴുകലോ കാട്ടുന്ന ചെടികൾ കൃത്യമായി നീക്കി പകർച്ച തടയുക തന്നെ വേണം. നന അമിതമായാൽ ടെറേറിയത്തിനുള്ളിൽ വേഴുകലിന് സാധ്യത കൂടുതലാണ്; പ്രത്യേകിച്ച് അടഞ്ഞ ടെറേറിയമാണെങ്കിൽ. അങ്ങനെ സംശയം തോന്നിയാൽ ടെറേറിയത്തിന്റെ മുടി മാറ്റി ഉൾഭാഗത്തെ വായുസഞ്ചാരം വർധിപ്പിച്ച് ഉണങ്ങാൻ അനുവദിക്കണം. ആവശ്യമെങ്കിൽ കുമിൾനാശിനികൾ പ്രയോഗിക്കുകയും ചെയ്യാം. ഏതാനും ആഴ്ച പിന്നിട്ടാൽ പിന്നീട് ഇത്തരമൊരു പ്രശ്നം ഉണ്ടാകാനിടയില്ല.
അലുമിനിയം പ്ലാന്റ്, ക്ലബ് മോസ്, ആഫ്രിക്കൻ വയലറ്റ്, കള്ളിച്ചെടികൾ, രസഭര സസ്യങ്ങൾ, ജേഡ് പ്ലാന്റ്, ബേബീസ് ടിയേഴ്സ്, ബാമെ ലിയാഡുകൾ, ബട്ട് ഫോൺ, മണി പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, സിങ്കോണിയം തുടങ്ങി വിവിധ ചെടികൾ ടെറേറിയത്തിൽ വളർത്താം.
Share your comments