കേരളത്തിലെ ഒരു സ്ഥലപ്പേരിനൊപ്പം പാശ്ചാത്യരാജ്യങ്ങളിലും അറിയപ്പെടുന്ന ചീരയാണ് വള്ളിച്ചീര. അതായത്, ഔഷധ മൂല്യങ്ങളുള്ള വള്ളിച്ചീരയെ ഇംഗ്ലീഷിൽ മലബാർ സ്പിനാച്ച് എന്ന് വിളിക്കുന്നു. വഷളച്ചീര, ബസെല്ലച്ചീര എന്നും മറ്റ് പേരുകളുമുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളയാണ് വള്ളിച്ചീര.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം
ശാരീരിക ആരോഗ്യത്തിന് വളരെയധികം പ്രയോജനം ചെയ്യുന്ന, പോഷക സമൃദ്ധമായ ഇലക്കറിയാണ് വള്ളിച്ചീര. വീട്ടാവശ്യത്തിനുള്ള വള്ളിച്ചീര നമ്മുടെ പറമ്പിലോ ടെറസിലോ കൃഷി ചെയ്ത് ഉൽപാദിപ്പിക്കാവുന്നതാണ്. രുചിയിലും കൃഷിരീതിയിലും സാധാരണ ചീരകളിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ട്.
എന്നാൽ, മറ്റ് ചീരയെ പോലെ തന്നെ വള്ളിച്ചീരയ്ക്കും രണ്ടു നിറങ്ങളുള്ള ഇനങ്ങളുണ്ട്. ഇവ നമ്മുടെ അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ എങ്ങനെ കൃഷി ചെയ്യാമെന്നതിനെ കുറിച്ച് അറിയാം.
വള്ളിച്ചീരയുടെ പ്രത്യേകതകൾ (Features Of Malabar Spinach)
ചുവപ്പ് വള്ളിയുള്ള ചീരയുടെ വാലിന് കട്ടി കുറവായിരിക്കും. ചുവപ്പ് വള്ളി ചീരയിൽ നിന്ന് പെട്ടന്ന് പൂക്കളും കായ്കളും ഉണ്ടാകുന്നു. രണ്ടാമത്തെ ഇനമായ പച്ച വള്ളിച്ചീകയുടെ തണ്ടും ഇലയും മുഴുവനായും പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ തണ്ടിന് വെളുത്ത നിറമായിരിക്കും. കൂടാതെ, കട്ടി കൂടുതലുമായിരിക്കും. രുചിയിൽ മികച്ചത് പച്ച ചീര ആയതിനാൽ കൂടുതലാളുകളും ഇഷ്ടപ്പെടുന്നതും കൃഷി ചെയ്യാൻ തെരഞ്ഞെടുക്കുന്നതും ഈ ഇനത്തെ തന്നെയാണ്.
ഒരു വള്ളിച്ചീരയിൽ നിന്ന് നൂറുകണക്കിന് തൈകൾ കിട്ടുമെന്നത് കൃഷിയിൽ കൂടുതൽ അനായാസമാക്കുന്നു. അതിനാൽ, വെറും ഒന്നര മാസം കൊണ്ട് ഇവ പൂത്തുതുടങ്ങും. അതിനാൽ തന്നെ നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ വള്ളിച്ചീര ഉത്തമമാണ്.
വള്ളിച്ചീരയുടെ കൃഷിരീതി (Farming Methods Of Malabar Spinach)
കായ്‌കൾ പാകിയാണ് വള്ളിച്ചീര മുളപ്പിക്കുന്നത്. കുറഞ്ഞ പരിചരണത്തിൽ ഇവ പന്തലിട്ടോ അല്ലാതെയോ കൃഷി ചെയ്യാം. വള്ളിച്ചീരയുടെ വിത്തോ അതിന്റെ തണ്ടോ നട്ടും കൃഷി ചെയ്യാം. തണ്ട് മുറിച്ച് നട്ടും കായ് നട്ടു മുളപ്പിച്ചും ഇവയിൽ നിന്നും വീണ്ടും തൈകൾ വളര്‍ത്താം.
മഴക്കാലമാണ് കൃഷിയ്ക്ക് അനുയോജ്യം. 45 സെ.മീ അകലത്തിൽ 30 സെ.മീ. നീളമുള്ള തണ്ടുകൾ നടുക. പ്രത്യേകിച്ച് ഇവയ്ക്ക് വളം തയ്യാറാക്കേണ്ടതായില്ല.
എന്നാൽ, കമ്പോസ്റ്റ്, ചാണകം പോലുള്ള സാധാരണ ജൈവവളങ്ങള്‍ ഇട്ടു കൊടുക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ആരോഗ്യമുള്ള ഇലകൾ ഉൽപാദിപ്പിക്കുന്നതിന് സഹായിക്കും.
വള്ളിച്ചീരയുടെ ഗുണങ്ങൾ (Benefits Of Malabar Spinach)
വിറ്റാമിന്‍ എ, സി, ഇരുമ്പ്, കാത്സ്യം എന്നീ പോഷക മൂല്യങ്ങളാൽ സമ്പുഷ്ടമാണ് വള്ളിച്ചീര. ഔഷധഗുണമേറിയ ഈ ചെടിയുടെ ഇലകൾ അരിഞ്ഞ് തോരനും സാമ്പാറുമുണ്ടാക്കാം. കൂടാതെ, കടല മാവില്‍ മുക്കി രുചിയുള്ള ബജ്ജിയുണ്ടാക്കാവുന്നതുമാണ്.
വള്ളിച്ചീരയുടെ കായ് കറുപ്പ് നിറത്തിൽ കാണപ്പെടുന്നു. ഇത് ഭക്ഷണത്തിന് നിറം നൽകാൻ ഉപയോഗിക്കുന്നു. കൂടാതെ, വള്ളിച്ചീരയുടെ തണ്ടും ഇലയും ചതച്ചരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ അടയാളം മായാന്‍ സഹായിക്കും.
Share your comments