സ്യൂഡോമോണസ് കർഷകർക്ക് സൗകര്യപ്രദമായ ക്യാപ്സ്യൂൾ രൂപത്തിൽ പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രമാണ് ബയോ ക്യാപ്സ്യൂളുകൾ തയ്യാറാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ - എൻബിഎഐആർ ൽ നിന്നും ലഭ്യമാക്കിയ സുഡോമോണാസ് ആണ് ഇതിനായി ഉപയോഗിച്ചത്.
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനവും ബെംഗളൂരു അഗ്രികൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും (ഐസിഎആർ എടിഎആർഐ) ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയിൽ കേരളം, കർണാടകം, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന നാല്പത്തെട്ടോളം കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിത്ത്, നടീൽ വസ്തുക്കൾ, ജൈവ ഉത്പന്നങ്ങൾ എന്നിവയുടെ ഉല്പാദനത്തിലൂടെ കെവികെകളെ പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ശില്പശാല. ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐസിഎആർ എടിഎആർഐ ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രമണ്യൻ സ്വാഗതം പറഞ്ഞു. ഐസിഎആർ - എൻബിഎഐആർ ഡയറക്ടർ ഡോ. എസ്.എൻ.സുശീൽ, സി ഡൗബ്ള്യു ആർ ഡി എം ഡയറക്ടർ ഡോ. മനോജ്. പി.സാമുവൽ, ഡോ. ജേക്കബ് ജോൺ, ഡോ. പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഐസിഎആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. രാജർഷി റോയ് ബർമൻ ചടങ്ങിൽ മുഖ്യാതിഥിയായി.
വിവിധ കെ വി കെ കളുടെ പ്രസിദ്ധീകരണങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ഐ.ഐ.എസ്.ആർ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കെ വി കെ യുടെ നേതൃത്വത്തിൽ നടത്തുന്ന സുവർണ്ണ സ്‌മൃതി സുഗന്ധദ്രവ്യ യാത്രയുടെ ഉത്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കർഷകർക്കുള്ള ജൈവ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും നേരിട്ട് കർഷകരുടെ വീടുകളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
മികച്ച സുഗന്ധവിള കർഷകർക്കുള്ള അവാർഡുകൾ കർണാടക പുറ്റുർ സ്വദേശി ശ്രീ. ബി. സുരേഷ്, കോഴിക്കോട് മണാശ്ശേരി സ്വദേശി ശ്രീ. ദിനേശ് . ടി. കെ എന്നിവർക്കും കൃഷിയിൽ നൂതന മാർഗ്ഗങ്ങൾ വികസിപ്പിച്ച കർഷകനുള്ള സമ്മാനം കോട്ടയം വൈക്കം സ്വദേശി ശ്രീ. ടി. ജോസഫിനും സമ്മാനിച്ചു.
Share your comments