മത്തങ്ങ മധുരമാണ്. കഫ വാതങ്ങളെ വർദ്ധിപ്പിക്കും ശോധനയെ ഉണ്ടാകും. സാമാന്യം ഗുരുത്വമുള്ള ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം കൃഷി ചെയ്യുവാൻ രണ്ട് മൂന്നു തവണ നന്നായി ഉഴുതു മറിച്ച് കട്ടകൾ തട്ടിയുടച്ചു നിരപ്പാക്കിയതിൽ വരികൾ തമ്മിൽ 2 മീറ്റർ അകലം നൽകി വേണം കുഴി എടുക്കാൻ. കുഴിക്ക് ഏകദേശം 60 സെ.മീ വ്യാസവും 45 സെ.മീ ആഴവും ഉണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലി വളമോ അഴുകി പൊടിഞ്ഞ കമ്പോസ്റ്റോ കുഴികളിൽ മണ്ണുമായി ചേർത്തിളക്കിയ ശേഷം 2,3 വിത്തുകൾ നടാവുന്നതും 4 ഇല പാകമായാൽ ആരോഗ്യമുള്ള ഒരു ചെടി നിർത്തിയ ശേഷം മറ്റുള്ളവ പിഴുതു കളയണം.
പരിപാലനം
വള്ളി വീശി തുടങ്ങുമ്പോൾ തന്നെ വളമായി പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം എന്നിവയിൽ ഏതെങ്കിലും ഒന്ന് 10 ദിവസത്തിലൊരിക്കൽ കൊടുക്കുക. വള്ളി പോകുന്ന ഭാഗങ്ങളിൽ ഓല, കരിയില, ഉണക്കയിലകൾ എന്നിവ ഇട്ടുകൊടുക്കുക. ഇലകൾ മണ്ണുമായി നേരിട്ട് സമ്പർക്കത്തിൽ വരാൻ അനുവദിക്കരുത്. കീടരോഗ നിയന്ത്രണത്തിനായി 7 ദിവസത്തിലൊരിക്കൽ ഗോമൂത്രം- കാന്താരി മിശ്രിതം അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി - ഇഞ്ചി മിശ്രിതമോ നൽകുക.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണ ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
ഇളംപ്രായത്തിൽ കായ്ക്കൾ കറികൾക്ക് വേണ്ടി വിളവെടുക്കാം. സാധാരണ യായി വിത്തു പാകി മൂന്നു മാസം എത്തിയാൽ ആദ്യ വിളവെടുക്കാം. എന്നാൽ കായ്കൾ അധിക നാൾ സൂക്ഷിച്ചു വയ്ക്കണമെങ്കിൽ നല്ലതു പോലെ വിളഞ്ഞ് മൂത്ത ശേഷമേ പറിക്കാവൂ.
വിത്തു ശേഖരണം :
രോഗകീട ആക്രമണങ്ങൾ പിടിപെടാത്തതും നല്ല ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുള്ള കായ്കൾ ചെടിയിൽ തന്നെ നിർത്തി വള്ളികൾ നന്നായി ഉണങ്ങിയ ശേഷം കായ്കൾ അടർത്തി വിത്തിനായി എടുക്കാവുന്നതാണ്.
Share your comments