ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് കൂവരക് കൃഷിക്ക് അനുയോജ്യം
800 മുതൽ 1300 മി.മീറ്റർ വരെ വാർഷിക വർഷപാതം ലഭിക്കുന്ന സ്ഥലങ്ങൾ കൂവരക് വളർത്താൻ അനുയോജ്യം. നല്ല നീർവാർച്ചയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ചും ചുവന്ന ചെങ്കൽ മണ്ണിൽ കൂവരക് നന്നായി വളരുന്നു. കതിർ വിളയുന്ന സമയത്ത് വരണ്ട കാലാവസ്ഥയാണ് ചെടി ഇഷ്ടപ്പെടുന്നത്.
മഴ കുറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്തു വരുന്ന ധാന്യവിളകളെ അപേക്ഷിച്ച് കൂവരകിന്റെ വിളവ് വളരെ കൂടുതലായിരിക്കും. സമുദ്രനിരപ്പിൽ നിന്നും 1000-2000 മീറ്റർ ഉയരം വരെ നന്നായി വളരുന്നു. അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് ആണ് ഈ വിളയ്ക്ക് ആവശ്യം.
ഞാറ്റടി തയ്യാറാക്കുന്ന വിധവും ഞാറ്റടിയിലെ വളപ്രയോഗവും മറ്റു പരിപാലന രീതികളും
മണ്ണ് നല്ലവണ്ണം കിളച്ച് കട്ടകൾ പൊടിച്ച് പാകപ്പെടുത്തണം. ഒരു ഹെക്ടറിന് 5 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ നന്നായി കലർത്തണം. ശേഷം തടങ്ങൾ കോരണം. തടങ്ങളിൽ വിത്ത് ഒരേ പ്രകാരം വിതയ്ക്കണം. വിതച്ച ശേഷം ചെറുതായി മണ്ണിളക്കി വിത്ത് മൂടണം.
തടങ്ങളുടെ ചുറ്റുമുള്ള അരികുകളിൽ സെവിൻ 10% എന്ന കീടനാശിനി വിതറണം. അങ്ങനെ ചെയ്യുന്നതു കൊണ്ട് ഉറുമ്പിൻ്റെ ഉപദ്രവം ഒഴിവാക്കാവുന്നതാണ്. വിത്ത് വിതച്ചു രണ്ടാഴ്ച കഴിയുമ്പോൾ 100 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരു കി.ഗ്രാം എന്ന തോതിൽ അമോണിയം സൾഫേറ്റ് മണ്ണിൽ ചേർത്തു കൊടുക്കണം. ഒരു ഹെക്‌ടർ സ്ഥലത്ത് നടാൻ 480 ചതുരശ്ര മീറ്റർ സ്ഥലത്ത് ഞാറ്റടി വേണ്ടി വരും. മൂന്നാഴ്‌ച പ്രായമെത്തിയ തൈകൾ ഞാറ്റടിയിൽ നിന്നും പറിച്ചു നടാം.
Share your comments