കമ്പുകൾ ഒടിച്ചുകുത്തി ചെടികൾ വളർത്തുന്നത് നമ്മുടെ പൂർവികർ അവലംബിച്ചിട്ടുള്ള രീതിയാണ്. ബൊഗൈൻ വില്ല, കോളിയസ്, ചെമ്പരത്തി, ചെമ്പകം, ലൻന്റാന ഇവയൊക്കെ കമ്പ് ഒടിച്ചു കുത്തി വളർത്തുന്നു. കമ്പുകളെ മൃദു കമ്പുകൾ (soft wood), ഇളം തണ്ടുകൾ, പകുതി മൂപ്പെത്തിയവ (semi wood), അർധകാരിന്യമുള്ളവ (semi hard wood) എന്നിങ്ങനെ തരംതിരിക്കാം. കമ്പുകളുടെ പച്ചനിറം മാറി അവ കാഠിന്യമുള്ളതാകുമ്പോൾ തവിട്ടു നിറഭേദം ഉണ്ടാകും.
കമ്പുകൾ നല്ലവണ്ണം വേരു പിടിയ്ക്കാൻ ചെടിച്ചട്ടികളിൽ മണൽ, അറക്കപൊടി, ആറ്റുമണൽ, പശിമയുള്ള മണ്ണ്, കമ്പോസ്റ്റ്, പായൽ എന്നിവ തുല്യ അളവിൽ ചേർക്കണം. 6-8 സെ.മീ. നീളമുള്ള കമ്പുകൾ തിരഞ്ഞെടുക്കുക. താഴെ നിന്നും ഇലകൾ (മുകളിൽ 5 സെ.മീ. ഒഴിച്ച്) നീക്കം ചെയ്യണം. വേഗം വേരുപിടിക്കാൻ ഏതെങ്കിലും വേരു ഹോർമോണുകളിൽ മുക്കി നടണം. ഹോർമോൺ പുരട്ടിയ കമ്പുകൾ മേൽ പറഞ്ഞ മിശ്രിതത്തിൽ പതുക്കെ താഴ്ത്തി കൈകൊണ്ട് സാവധാനം അടർത്തണം.
ഒരു ചെടിച്ചട്ടിയിൽ 3-4 കമ്പുവരെ നടാം. ചട്ടികൾ തണലിൽ സൂക്ഷിക്കണം. ആവശ്യത്തിനു നനച്ചുകൊടുക്കണം. കമ്പുകളുടെ കാഠിന്യമനുസരിച്ച് 6-10 ദിവസം വരെ വേരോടാൻ സമയമെടുക്കും. കോളിയസ്തകൾ 4-6 ദിവസം വരെ എടുക്കും. കോട്ടൺ, ചെമ്പരത്തി എന്നിവയ്ക്ക് 3-4 ആഴ്ച വേണം. പത്തലുകൾ 6-8 മാസം വരെയും.
ജലാംശമുള്ള തണ്ടുകളുള്ള ബിഗോണിയ, പെപ്പറോമിയ, ഫിറേ ഡെൻഡൻ, ലിയ എന്നീ ചെടികളുടെ തണ്ടുകൾ കുപ്പിയിലോ, കണ്ണാടി മണികളിലോ ആക്കി ജാലകത്തിനരികിൽ വയ്ക്കാം. ഇവ മഴവെള്ളത്തിൽ വയ്ക്കുന്നതാണ് നല്ലത്. പൈപ്പുവെള്ളത്തെക്കാൾ മഴ വെള്ളം വേരു പിടിയ്ക്കാൻ സഹായിക്കും. 4-5 ആഴ്ച കൊണ്ട് വേരുകൾ വളർന്നു തുടങ്ങും. അപ്പോൾ ഇവയെ ചട്ടിയിലേക്കു മാറ്റാം.
വേരുപയോഗിച്ചുള്ള പ്രവർധനം
വേരുകളും അവയുടെ കഷണങ്ങളും പുതിയ ചെടി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ശീമപ്ലാവ്, കറിവേപ്പ്, ആഞ്ഞിലി.
വൃക്ഷങ്ങളുടെ ചുവട്ടിൽനിന്ന് 60-200 സെ.മീ. ആഴത്തിൽ മണ്ണു നീക്കി 1-3 സെ.മീ. കനമുള്ള വേരുകൾ മുറിച്ചെടുക്കുക. തടം തയാറാക്കി വേരു ഭാഗം 1-3 സെ.മീ. ആഴത്തിൽ താഴ്ത്തി നടുക. നടുന്നതിനു മുമ്പ് വൈക്കോൽ കഷണങ്ങളോ കരിയിലയോ തടത്തിൽ ഇട്ടു നടണം
Share your comments