തവിട്ടു നിറത്തിൽ മെഴുകു പുരട്ടിയതു പോലെ തോന്നിക്കുന്ന കട്ടിയുള്ള പുറംചട്ടയോടു കൂടിയ ശൽക്കകീടങ്ങൾ (Red Scales) റോസാച്ചെടിയുടെ തണ്ടുകളിൽ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കും. തുടർന്ന് തണ്ടുകൾ പാടേ ഉണങ്ങിപ്പോകും.
റോസാച്ചെടിയുടെ ഇളം തണ്ടുകളിൽ വസൂരിക്കല പോലെയാണ് സാധാരണ ഗതിയിൽ ശൽക്കകീടങ്ങൾ പറ്റിപ്പിടിച്ചിരിക്കാറ്. ശൽക്കകീടങ്ങളുടെ വംശവർധന അറിഞ്ഞിരിക്കുന്നത് രസകരമാണ്.
എന്നാൽ ആൺകീടമാകട്ടെ തെല്ല് നീണ്ടതാണ്. ഇവയെല്ലാം റോസാത്തണ്ടിൽ പറ്റിക്കൂടിയിരിക്കും. വസന്തകാലമാകുമ്പോൾ ആൺ ശൽക്കകീടത്തിൽ നിന്ന് ചിറകുള്ള ഒരു ചെറിയ പ്രാണി പുറത്തു വരും. ഇത് സമീപത്ത് പറ്റിക്കൂടിയിരിക്കുന്ന പെൺശൽക്കകീടങ്ങളുമായി ഇണ ചേരും.
പെൺശൽക്കകീടങ്ങൾക്ക് ചിറകുകളില്ല. അതിനാൽ ഒരിക്കൽ പറ്റിയിരിക്കുന്ന സ്ഥലത്തു നിന്ന് പിന്നീടൊരിക്കലും അവയ്ക്ക് മാറി പ്പോകാൻ കഴിയില്ല. തുടർന്ന് ആൺകീടം കൂടിയ ഇത്തരം പെൺകീടങ്ങൾ ധാരാളം പുതിയ കുഞ്ഞുപ്രാണികളെ ഉൽപ്പാദിപ്പിക്കും. ഇവ ചെടിയുടെ പുതിയ ശിഖരങ്ങളിലേക്ക് മാറി ഉപദ്രവം തുടരും. ചലനശേഷിയില്ലാത്തതിനാൽ ശൽക്കകീടങ്ങളെ നിയന്ത്രിക്കുക എളുപ്പമാണെന്ന് തോന്നുമെങ്കിലും അത് ശരിയല്ല. കാരണം അവയുടെ ഉപദ്രവം റോസിൽ മാത്രം ഒതുങ്ങുന്നില്ല എന്നതു തന്നെ.
ആപ്പിൾ, വാഴ, നാരകം, തെങ്ങ്, മുന്തിരി, മാവ്, മൾബെറി തുടങ്ങി 86 ഇനം ചെടികളെ ശൽക്കകീടം ആക്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഇത്രയും ചെടികൾ വളർന്നു നിൽക്കുന്ന ഒരു ചുറ്റുപാടിൽ, റോസാച്ചെടിയിലെ മാത്രം ശൽക്കകീട നിയന്ത്രണം അത്ര എളുപ്പമല്ല.
ശൽക്കകീടനിയന്ത്രണത്തിന് സ്വീകരിക്കാവുന്ന നടപടികൾ ഇങ്ങനെ:
കുറച്ചു ചെടികളേ ഉള്ളൂവെങ്കിൽ ശൽക്കകീടങ്ങളെ നിയന്ത്രിക്കാൻ ഒരു കഷണം പഞ്ഞിയിലോ സ്പോഞ്ചിലോ മെത്തിലേറ്റഡ് സ്‌പിരിറ്റ് പുരട്ടി അത് കീടം പറ്റിയിരിക്കുന്നിടത്ത് തുടച്ചാൽ മതി. ഇത് ആവർത്തിച്ചു ചെയ്‌താൽ ഫലം കിട്ടും.
ഇതു തന്നെ മാലത്തയോൺ പോലുള്ള കീടനാശിനികൾ നേർപ്പിച്ച് ഒരു ബ്രഷ് കൊണ്ട് തണ്ടിൽ തേച്ചു പിടിപ്പിച്ചും ഇവയെ നശിപ്പിക്കാം. ഉപയോഗിച്ചു കഴിഞ്ഞ പഴയ ഒരു ടൂത്ത് ബ്രഷ് ഇതിനെടുക്കാം.
ഉപദ്രവം രൂക്ഷമെങ്കിൽ റോഗർ 30 ഇ.സി. (2 മില്ലി/1 ലിറ്റർ വെള്ളത്തിൽ) എന്ന തോതിൽ തളിച്ചുകൊടുക്കുക.
ശൽക്കകീടങ്ങൾ കാണുന്ന കൊമ്പുകളും ഉണങ്ങിക്കരിഞ്ഞ ശാഖകളും മുറിച്ച് തീയിട്ട് നശിപ്പിക്കുക.
Share your comments