 
            തെക്കുകിഴക്കൻ ഏഷ്യയുടെ സന്തതിയായ റെനാന്തറ (Renanthera) കടും ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ പൂക്കൾ നിറഞ്ഞ വലിയ പൂത്തണ്ടുകൾ ഉൽപാദിപ്പിക്കുന്ന വാണിജ്യപ്രാധാന്യമുള്ള ഓർക്കിഡ് ആണ്. പുഷ്പവിപണിയിൽ ഇത് റെൻ (Ren) എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.
മോണോ പോഡിയൽ വിഭാഗത്തിൽപ്പെടുന്ന ഇത് താങ്ങുകളിൽ പറ്റി ഉയരത്തിലേക്ക് വളരുന്ന സ്വഭാവമുള്ള ചെടിയാണ്. ചുവന്ന പൂക്കൾ വിടർത്തുന്ന സങ്കരയിനം ഓർക്കിഡുകൾ തയ്യാറാക്കാൻ റെനാന്തറ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈന, ലാവോസ്, വിയറ്റ്നാം, തായ്ലാന്റ്, മലേഷ്യ, ജാവ, ഇന്തൊനേഷ്യ, ബോർണിയോ, ഫിലിപ്പീൻസ്, ന്യൂഗിനി, സോളമൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിലും റെനാന്ത വളരുന്നു.
റെനാന്തറ എന്ന ജനുസ്സിൽ ഏതാണ്ട് ഇരുപതോളം അംഗീകൃത ഇനങ്ങളുണ്ട്. ഇവയിലധികവും 2 മീറ്ററോളം ഉയരത്തിൽ വലിയ തണ്ടുകളുമായി വളരുന്നവയാണ്. അത്യാകർഷകവും അനന്യസാധാരണവുമായ പുഷ്പഭംഗിയാണ് ഇവയുടെ മുഖമുദ്ര. ഉദാഹരണത്തിന് റെനാന്ത ഇഷുട്ടിയാന (Ren imschootiana) എന്ന ഇനം ശിഖരങ്ങളായി പിരിയുന്ന വളരെ വലിയ പൂങ്കുലകൾ ഉൽപാദിപ്പിക്കുന്നതും മഞ്ഞ കലർന്ന ചുവപ്പുനിറമുള്ള നൂറിലധികം പൂക്കൾ ഒരേ സമയം വിടർത്തുന്നതുമാണ്. റെനാന്തറ സ്റ്റോറി (Ren, storiei) വേനൽക്കാലത്ത് സമൃദ്ധമായി പുഷ്പിക്കുന്ന ഇനമാണ്. 6 സെ.മീറ്റർ വീതം വീതി യുള്ള നൂറോളം പൂക്കൾ ഇതിൽ ഒരേസമയം വിടരും. നല്ല സൂര്യപ്രകാശവും ഊഷ്മളമായ കാലാവസ്ഥയും ഇഷ്ടപ്പെടുന്ന ഇനമാണിത്. റെനാ ഫിലിപ്പിനെൻസിസ് (Ren. philippinensis) ഏതാണ്ട് 2.5 സെ.മീറ്റർ വീതിയുള്ള ധാരാളം പൂക്കൾ വിടർത്തുന്ന പൂങ്കുല ഉൽപാദിപ്പിക്കുന്നു.
"സ്കാർലെറ്റ് റെനാന്തെ' എന്ന വിളിപ്പേരിൽ അറി യപ്പെടുന്ന “റെനാന്ത കോക്സീനിയ' (Ren. coccinea) 60-90 സെ. മീറ്റർ നീളമുള്ള പൂങ്കുലകളിലാണ് കടുംചുവപ്പു നിറത്തിൽ മഞ്ഞ പ്പൊട്ടുകളുള്ള ധാരാളം പൂക്കൾ വിടർത്തുന്നത്. നല്ല സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇനമാണ് കോക്സീനിയ. എന്നാൽ, ഉച്ചസമയത്തെ നേരിട്ടുള്ള വെയിൽ അത്ര നന്നല്ല. സദാസമയവും സ്വതന്ത്രമായ വായുസഞ്ചാരവും ഇവ ഇഷ്ടപ്പെടുന്നു. അതു കൊണ്ടു തന്നെ ഇവ വളർത്തുന്ന ചട്ടികളിലും മാധ്യമം ക്രമീകരിക്കാനേ പാടുള്ളു; ഒരിക്കലും വായു കടക്കാത്ത വിധം കുത്തി നിറയ്ക്കരുത്.
സ്വതന്ത്രമായ വായുസഞ്ചാരവും നനച്ചു കഴിഞ്ഞാൽപ്പോലും വേഗം ഉണങ്ങാനുള്ള സാഹചര്യവും മാധ്യമത്തിനുണ്ടാകണം. ചെറിയ തടി കഷണങ്ങൾ, കൊത്തിനുറുക്കിയ ടീ ഫൈബർ, കോർക്ക് കഷണങ്ങൾ, പെർലൈറ്റ്, കൊത്തിനുറുക്കിയ സ്ഥാനം മോസ് എന്നിവയാണ് വളർച്ചാ മാധ്യമത്തിലെ ചേരുവകൾ. കരിക്കഷണങ്ങൾ ഇതോടൊപ്പം ചേർക്കുന്നതും നല്ലതാണ്. ചട്ടികളിലും തൂക്കുകൂടകളിലും മരക്കൊമ്പുകളിൽ കെട്ടിവച്ചും ഇത് വളർത്താം
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments