ഉത്പാദനശേഷി കൂടിയ RRII 417, 430 എന്നിങ്ങനെയുള്ള ഏതെങ്കിലും ഇനത്തിൻ്റെ തൈത്തണ്ടിൽ 7-8 അടി (2.1-2.4 മീ) ഉയരത്തിൽ, രോഗ പ്രതിരോധശേഷിയുള്ള മറ്റൊരിനം ക്രൗൺ ബഡ് ചെയ്‌തു വളർത്തുന്നതാണു രീതി. ബ്രസീലിയൻ ഇനമായ FX 516 എന്ന ക്ലോൺ ആണ് റബർബോർഡ് ശുപാർശ ചെയ്യുന്നത്. ഈയിനത്തിന് റബറിനെ ബാധിക്കുന്ന വിവിധ ഇലരോഗങ്ങൾക്കെതിരെ നല്ല പ്രതിരോധശേഷിയും തടി വളർച്ചയുമുണ്ട്.
ഇങ്ങനെ ക്രൗൺബഡ് ചെയ്യുമ്പോൾ, ആ റബർ മരത്തിൻ്റെ ടാപ്പു ചെയ്യുന്ന ഭാഗത്തെ തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റെയും മണ്ടഭാഗം രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരിനത്തിന്റെയുമാകും. മരങ്ങൾ വളരുമ്പോൾ, അവയിൽ മുകൾഭാഗത്ത് രോഗബാധയില്ലാത്ത നല്ല ഇലകൾ നിൽക്കുന്നതിനാൽ റബറിന് നല്ല വളർച്ച ലഭിക്കും. നേരത്തെ ടാപ്പിംഗിനുള്ള വണ്ണമെത്തുകയും നല്ല ഉത്പാദനം ലഭിക്കുകയും ചെയ്യും. വേനൽക്കാലത്തും ഉത്പാദനം കുറയില്ല.
ക്രൗൺ ബഡ് ചെയ്‌ത തോട്ടത്തിൽ നല്ല തണൽ ലഭിക്കുന്നതിനാൽ കളകളുടെ വളർച്ച കുറയും. അതിനാൽ കളയെടുപ്പിനുള്ള ചെലവും കുറയും. സ്പ്രേയിംഗും ഡസ്റ്റിംഗും ഒഴിവാ ക്കാമെന്നതിനാൽ അന്തരീക്ഷ മലിനീകരണമെന്ന ആശങ്ക ഇല്ലാതാകുകയും ചെയ്യും. ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം 1970-ലാണ് ക്രൗൺ ബഡിംഗ് പരീക്ഷണങ്ങൾ ആരംഭിച്ചത്.
നഴ്‌സറിയിൽ
തോട്ടത്തിൽ തൈകൾ നടേണ്ടതിന് തലേവർഷം വലിയ പോളിത്തീൻ കൂടകളിലോ വലിയ റൂട്ട്ട്രെയ്‌നർ കപ്പുകളിലോ ഒട്ടുതൈകൾ നട്ടുവളർത്തി, അവയിൽ ക്രൗൺബഡ് ചെയ്‌ത ശേഷം തോട്ടത്തിൽ നടാം. കപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം. മെയ്, ജൂൺ മാസങ്ങളിൽ ചകരിച്ചോർ നിറച്ച കപ്പുകൾ, നിശ്ചിത അകലത്തിൽ നഴ്‌സറിയിലെ മണ്ണിൽ താഴ്ത്തി വയ്ക്കുക. മണ്ണിൽ വച്ച കപ്പുകളിൽ ഒരു തട്ട് വളർന്ന കപ്പു തൈകൾ നടുക. പിറ്റേവർഷം മെയ്, ജൂൺ മാസങ്ങളിൽ തൈകളിൽ ക്രൗൺബഡ് ചെയ്യാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൈകളുടെ തലയ്ക്കം മുറിച്ചുമാറ്റിയ ശേഷം, തൈകൾ പിഴുതെടുത്ത് കുഴികളിൽ നടാം. പിന്നീടുള്ള സംരക്ഷണം മുമ്പു പറഞ്ഞ പ്രകാരം തന്നെ നടത്തിയാൽ മതിയാകും.
Share your comments