പഴയകാലത്ത് കേരളീയ ഭവനങ്ങളിലും, അമ്പലങ്ങളോട് ചേർന്നും ധാരാളം കണ്ടുവന്നിരുന്ന ഒരു നിത്യഹരിത പൂമരമാണ് അശോകം, ഐ.യു.സി.എൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ്) പ്രകാരം അമിതചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. ഏകദേശം 9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15-25 സെ.മി നീളമുണ്ടാകും.
ആകർഷണീയമായ ചുവപ്പു നിറമാണ് തളിരിലകൾക്ക്. 1-10 സെ.മി വരെ വിസ്തീർണ്ണമുള്ള കുലകളായിട്ടാണ് പൂക്കൾ കാണുന്നത്, കടും ഓറഞ്ച് നിറത്തിൽ വിരിയുന്ന പൂക്കൾ പിന്നീട് കടും ചുമപ്പ് നിറമാകുന്നു. വസന്തകാലത്താണ് അശോകമരത്തിൽ നിറയെ പൂക്കളുണ്ടാകുന്നത്. 15-25 സെ.മി നീള മുള്ള ഫലങ്ങളിൽ 4-8 വരെ ചാരനിറമുള്ള വിത്തുകൾ കാണാം. നടീൽ വസ്തു വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്, ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ വിത്ത് ശേഖരിച്ച് തവാരണകളിൽ പാകി മുളപ്പിക്കാം. രണ്ട് മൂന്ന് ഇല പ്രായമാകുന്ന തൈകൾ പോളിബാഗിൽ നടാവുന്നതാണ്. കാലവർഷാരംഭത്തോടെ സ്ഥിരമായി നടാൻ ഉദ്ദേശിച്ച സ്ഥലത്ത് 45 സെ.മി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളവും ചേർത്ത് തൈ നടാം.
- അശോക തൊലിയുടെ പൂർണം വെള്ളത്തിൽ കലക്കി കൽക്കണ്ടം ചേർത്ത് ശീതളപാനീയമായും ഉപയോഗിക്കാം.
- ത്വക്കിലെ നിറവ്യത്യാസങ്ങൾക്കും വണങ്ങൾക്കും അശോകതൊലി വെള്ളത്തിൽ അരച്ച് പുരട്ടാവുന്നതാണ്.
- അശോകത്തിന്റെ തൊലി കഷായം വച്ച് അരിച്ചെടുത്ത് തണുപ്പിച്ച ശേഷം തേൻ ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും.
- അശോകത്തിന്റെ പൂവ് ഉണക്കിപൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുന്നത് കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.
- അശോക പൂവും പഞ്ചസാരയും സമം ചേർത്ത് ഭരണിയിലാക്കി കെട്ടിവച്ച് 45 ദിവസത്തിന് ശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് 2 ടീസ്പൂൺ വീതം ദിവസവും കഴിച്ചാൽ ആർത്തവകാലത്തുണ്ടാകുന്ന വേദനക്ക് വളരെ ഗുണം ചെയ്യും.
- അശോകത്തിന്റെ പൂമൊട്ട് തോരനുണ്ടാക്കി കഴിക്കുന്നതിന് ഉത്തമമാണ്.
- അശോകതൊലിയും ശതാവരി കിഴങ്ങും, ചിറ്റമൃത്, ചിറ്റരത്ത എന്നിവ ചേർത്ത് കഷായം വച്ച് സേവിച്ചാൽ ഉദരത്തിലെ നീർക്കെട്ടു ശമിക്കും
- കരപ്പന് അശോകപ്പൂ, തെച്ചിപ്പൂ, നറുനീണ്ടി ഇവ 40 ഗ്രാം എടുത്ത് 750 ഗ്രാം വെളിച്ചെണ്ണയിൽ അരച്ചുചേർത്ത് തൈലം കാച്ചി തേക്കുക.
Share your comments