കേരളീയർക്ക് വളരെ സുപരിചിതമായ ഒന്നാണ് ശീമപ്ലാവ്. ഇതിനെ കടപ്ലാവ് എന്നും ചിലയിടങ്ങളിൽ വിളിക്കുന്നു. ഒലയനൻ ദ്വീപുകളാണ് ഇതിന്റെ ജന്മദേശം. ആർട്ടോകാർപ്പസ് കമ്മ്യൂണിസ് എന്നാണ് ശാസ്ത്രനാമം. മൊറേസ്യേ കുടുംബത്തിലെ ഒരംഗമാണിത്. ഉഷ്ണമേഖലയിൽ ധാരാളം മഴയും അന്തരീക്ഷത്തിൽ ഈർപ്പവുമുള്ള പ്രദേശങ്ങളിലാണ് ശീമപ്ലാവ് നല്ലപോലെ വളരുന്നത്. ധാരാളം അഴുകിയ ജൈവാംശവും ഉയർന്ന ഫലഭൂയിഷ്‌ഠതയുമുള്ള മണ്ണിൽ ഇതു നന്നായി വളരും.
ഇതിന്റെ തൈകൾ വേരിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. മണ്ണിന്റെ ഉപരിതലത്തിൽ നിന്നു വളരെ താഴെയല്ലാതെ ധാരാളം വേരുകൾ കാണുന്നതിനാൽ ഈ വേരുകൾക്ക് മുറിവുണ്ടാക്കിയാൽ അവിടെ നിന്നും പൊടിപ്പുണ്ടാകുന്നു. പൊടിപ്പുകൾ അൽപ്പം വേരോടെ മുറിച്ചെടുത്താൽ തൈകളായ് ഉപയോഗിക്കാം. വേരുകൾ പ്രത്യേകം മുറിച്ചെടുത്തും ഇതിന്റെ തൈകൾ ഉൽപ്പാദിപ്പിക്കാവുന്നതാണ്. പ്രായം ചെന്ന വൃക്ഷത്തിന്റെ വേരുകളാണ് ഈ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ടത്.
അര ഇഞ്ചു മുതൽ രണ്ടര ഇഞ്ചുവരെ വണ്ണമുള്ള വേരുകൾ നീളത്തിൽ മുറിച്ച് ആറ്റുമണൽ നിറച്ചിട്ടുള്ള വീഞ്ഞപ്പെട്ടികളിലോ തടങ്ങളിലോ വേരിന്റെ അറ്റം മുകളിലാക്കി നടുന്നു. എന്നിട്ടു ദിവസവും കാലത്തും വൈകിട്ടും നനച്ചു കൊടുക്കേണ്ടതാണ്. പൊടിപ്പുകൾ വന്ന് ഏതാണ്ട് ഒരടി ഉയരം എത്തിയാൽ ഇളക്കി നടാൻ പാകമായി. ഇങ്ങനെ തൈകൾ തയാറാക്കുമ്പോൾ വേരുകൾ ഒരിക്കലും ചതയുവാനോ ഉണങ്ങുവാനോ പാടില്ല.
ഒരു മീറ്റർ വീതം നീളവും വീതിയും താഴ്‌ചയുമുള്ള കുഴിയെടുത്ത് മേൽമണ്ണും കാലിവളവും കലർത്തി രണ്ടടിയോളം നിറച്ച ശേഷം തൈ നട്ട് കുഴി നല്ലവണ്ണം മൂടുന്നു. മഴയുടെ ആരംഭത്തോടെ തൈ നടാവുന്നതാണ്. മരം ഏഴാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ഇതിൽ ആൺപൂവും പെൺപൂവും പ്രത്യേകം കാണുന്നു. ആൺപൂമരത്തിൽ എല്ലാ സമയത്തും ഉണ്ടാകാറുണ്ടെങ്കിലും പെൺപൂ ആണ്ടിൽ രണ്ടോ മൂന്നോ പ്രാവശ്യമേ വിരിയുന്നുള്ളൂ. പൂ വിടർന്നു മൂന്നു മാസം കൊണ്ട് ചക്ക പാകമാകും. കായ്കൾ പാകമാകുന്നതിനു മുമ്പ് പച്ചനിറമായിരിക്കും. പാകമായിക്കഴിയുമ്പോൾ മഞ്ഞകലർന്ന പച്ചനിറമായി മാറുന്നു. ചക്കകൾ സാധാരണ ശിഖരങ്ങളുടെ അറ്റത്താണുണ്ടാകുന്നത്. അതുകൊണ്ട് പറിച്ചെടുക്കുമ്പോൾ പൊക്കത്തിൽ നിന്നും താഴെ വീണു ചതയാതെ സൂക്ഷിക്കേണ്ടതാണ്. പറിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസമേ കേടു കൂടാതെ കായ്‌കൾ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ആയതിനാൽ കഴിയുന്നതും പെട്ടെന്നു ചക്ക പാകം ചെയ്ത‌്ഉപയോഗിക്കുകയോ വിപണിയിൽ വിൽക്കുകയോ ചെയ്യണം.
Share your comments