പേരു സൂചിപ്പിക്കുന്നതുപോലെ ഈ പഴത്തിന്റെ ഉള്‍വശം ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. നന്നേ ഉയരം കുറഞ്ഞ ഈ ഇനം നട്ട് മൂന്നു മാസത്തിനുളളില്‍ തന്നെ പൂവിടുകയും ഏതാണ്ട് 4-5 മാസത്തിനുളളില്‍ വിളവെടുപ്പിന് പാകമാകുകയും ചെയ്യും.
മുമ്പ് സൂചിപ്പിച്ചതുപോലെ പൊക്കം കുറവുളള ഈ ഇനത്തിന്റെ വിളവെടുപ്പും കൈകൊണ്ട് നമുക്ക് നടത്താം എന്നതും ഈ ഇനത്തിന്റെ പ്രചാരം കൂട്ടുന്ന ഒരു വസ്തുതയാണ്. അതുപോലെ ഇളം കായ്കള്‍ മറ്റു വിഭവങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നു.
2 മാസം പ്രായമായ തൈകള്‍ മാറ്റി നടാം. മെയ്-ജൂണ്‍ മാസങ്ങളില്‍ മാറ്റിനടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തിലും ആഴത്തിലും തയ്യാറാക്കിയ കുഴികളില്‍ മേല്‍മണ്ണും ജൈവവളവും, വാം എന്ന ജീവാണു വളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക.
വൈകുന്നേരമാണ് തൈ നടാന്‍ പറ്റിയ സമയം. ഒന്നു രണ്ടു മാസം പ്രായമായാല്‍ റെഡ് ലേഡി പപ്പായയ്ക്ക് ഇനി പറയും വിധം വളം ചേര്‍ക്കണം. വേരു മുറിയാതെ അല്പം മണ്ണിളക്കി ചെറുതടമാക്കുക.
10 കിലോ ഗ്രാം ജൈവവളം, 200 ഗ്രാം എല്ലുപൊടി എന്നിവ ചുറ്റും വിതറി ചെറുതായി മണ്ണിട്ടു മൂടുക. 15-20 ദിവസം കഴിഞ്ഞ് 500 ഗ്രാം ചാരം തണ്ടില്‍ നിന്ന് വിട്ട് വിതറിക്കൊടുക്കുക. മുകളില്‍ അല്പം മണ്ണ് വിതറാന്‍ മറക്കരുത്. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടുന്നത് നല്ലതാണ്.
7-8 മാസം കൊണ്ട് മൂപ്പെത്തി കായ്പറിച്ചെടുക്കണം. കായ്കളുടെ ഇടച്ചാലുകളില്‍ മഞ്ഞനിറം കാണുന്നത് വിളവെടുക്കാറായതിന്റെ ലക്ഷണമാണ്. കായ്കള്‍ക്ക് 2 മുതല്‍ 6 കിലോ വരെ തൂക്കം പ്രതീക്ഷിക്കാം. ഉയരം കുറവായതിനാല്‍ ചുവട്ടില്‍ നിന്നു തന്നെ ആയാസ രഹിതമായി കായ്കള്‍ വിളവെടുക്കാം. ഒരു മരത്തില്‍ നിന്നും 50 കായ് വരെ കിട്ടും
Share your comments