വെളുപ്പിന് നാല് മണിക്ക് ഇരുചക്രവാഹനത്തിൽ അൽപ്പം അകലെയുള്ള റബ്ബർ തോട്ടത്തിലെത്തി റബ്ബർ വെട്ടിയാണ് സിന്ധുലേഖയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇവിടെനിന്ന് റബ്ബർ പാൽ എടുത്ത് ഉറയാക്കി വീട്ടിലെത്തിച്ചശേഷം രാവിലെ ആറ് മണിയോടുകൂടി വീണ്ടും കൃഷിയിടത്തിലേക്ക്. തട്ടാക്കുടി സന്തോഷ് ഭവനിൽ സിന്ധുലേഖയ്ക്ക് കൃഷി ജീവിതമാർഗമാണ്.
ഒൻപത് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ശിവപ്രസാദ് മരിച്ചു. തെങ്ങും റബ്ബറിനും പുറമേ വെറ്റില, കുരുമുളക്, പച്ചക്കറി, ഏത്തവാഴ, കിഴങ്ങുവർഗം, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തുവരുന്നു. ഇതിനു പുറമേ പശുപരിപാലനവും ആടും കോഴിയും മുയലും മത്സ്യക്കൃഷിയും ഉണ്ട്. കൃഷിയിടത്തിലെ ഉത്പന്നങ്ങൾ സ്വന്തം ടൂവീലറിൽ കലഞ്ഞൂരിലെ വി.എഫ്.പി. സി.കെ. മാർക്കറ്റിൽ നൽകിവരുന്നു. മക്കളായ കണ്ണനും ആദിത്യയും ഇവർക്ക് ഒപ്പം ഒഴിവ് സമയങ്ങളിലെല്ലാം കൃഷിയിടത്തിലുണ്ട്.
600 മൂട് വെറ്റില. 300 മൂട് വാഴ, പച്ചക്കറി എല്ലാം ചേർന്ന് രണ്ട് ഏക്കറിലാണ് സിന്ധുലേഖയുടെ കൃഷിത്തോട്ടം. വനത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ കാട്ടുമൃഗങ്ങളുടെശല്യം എല്ലായ്‌പ്പോഴുമുണ്ട്. ഇതിനെയെല്ലാം പൊരുതിതോൽപ്പിച്ചുള്ള പ്രയത്‌നമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകർക്കുള്ള കർഷകതിലകം അവാർഡിന് അർഹമാക്കിയത്. കൃലഞ്ഞൂർ കൃഷിഭവനിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനമാണ് ഇവർ ചെയ്തുവരുന്നത്.
Share your comments