കേരളത്തിൽ അപൂർവമായ ചെറുപയർ കൃഷിയുടെ വിളവെടുപ്പ് പുലാമന്തോൾ വടക്കൻ പാലൂരിൽ നടന്നു. കാർഷികരംഗത്തു പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ ചോലപ്പ്റന്പ് ശശിധരനാണ് ഇത്തവണ 40 സെന്റ് സ്ഥലത്ത് ചെറുപയർ കൃഷിയിറക്കിയത്.
ഡൽഹിയിലുള്ള കേന്ദ്ര വിത്ത് അഥോറിറ്റിയിൽ നിന്നുള്ള ചെറുപയർവിത്ത് കൃഷിഭവൻ മുഖേനയാണ് ലഭ്യമാക്കിയത്. എൻ പി 24 എന്ന പേരിലറിയപ്പെടുന്ന ഈ വിത്ത് ഗുണമേൻമയേറിയതാണ്. നിലമുഴുത് കൂട്ടുവളം ചേർത്ത്, വിത്തുവിതച്ചതിനു ശേഷം മണ്ണിൽ ഒന്നുകൂടി താഴുന്നതിന് ഒരുചാലുകൂടി ചെറുതായി പൂട്ടിയാണ് കൃഷി ചെയ്തത്.
മണ്ണു കൂട്ടി ചെറിയ വീതിയിൽ തടമെടുത്തും ഈ കൃഷിചെയ്യാം. രോഗപ്രതിരോധശേഷിയും സ്വാദും കൂടിയ ഈ ഇനത്തിന് ഇളംപച്ചനിറമാണ്. സാധാരണ ചെറുപയറിനേക്കാൾ ഇതു അധികവിളവും നൽകിയിട്ടുണ്ട്. ഉയരംകുറഞ്ഞ് ചെടികളായി വളരുന്ന ഇവ 46 ദിവസംകൊണ്ടു പൂവിടും. 66 ദിവസം കൊണ്ടു മൂപ്പെത്തി വിളവെടുപ്പിനു തയാറാകും.
തുടക്കത്തിലുള്ള വളപ്രയോഗമല്ലാതെ മറ്റൊരു വളവും ചേർത്തിട്ടില്ല. ഇവയുടെ
നീളംകൂടിയ കായ്ക്കളുടെ രണ്ടു പാളികളിലായി വലുപ്പംകൂടിയ 24 പയർ മണികളുണ്ടാകും. പറിച്ചെടുത്ത ചെടികൾ ഇനി കുറച്ചുദിവസം വെയിലത്തിട്ട് ഉണക്കും.
അതിനുശേഷം അവ ചാക്കിൽ നിറച്ച് കന്പുകൊണ്ടടിച്ച് മണികൾ വേർതിരിച്ചെടുക്കുന്ന രീതിയാണ് ചെയ്യുക. കൃഷിയുടെ വിവിധഘട്ടങ്ങളിൽ കാർഷികരംഗത്തെ വിദഗ്ധരുടെ നിർദേശങ്ങളും ശശിധരൻ തേടിയിരുന്നു. കേരളത്തിൽ ചെറുപയർകൃഷി തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്.
വടക്കൻ പാലൂരിൽ കൃഷി ചെയ്ത ഇനം തണുപ്പു കാലത്ത് പൂവിടുകയും വിളവെടുക്കുകയും ചെയ്യുന്ന ഗണത്തിൽപ്പെട്ടതാണ്. എല്ലാകാലത്തും ചെയ്യാൻ പറ്റുന്ന വിവിധയിനം വിത്തുകളുമുണ്ട്. കൃഷിവിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള കൃഷികൾ പ്രചാരത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പരീക്ഷണകൃഷികളുടെ വിജയം കാർഷിക മേഖലയിലുള്ളവർക്കു പ്രചോദനമാണെന്നു പി ശ്രീരേഖ പറഞ്ഞു.
Share your comments