കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുകൂലമായ പച്ചക്കറി വിളയാണ് പടവലം. വളരെ പെട്ടെന്ന് കായ്കൾ പിടിക്കുകയും ചെയ്യും. ജീവകം എ, ബി,സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. വിത്ത് നേരിട്ട് പാകി മുളപ്പിക്കുന്നതാണ്
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം കൃഷി ചെയ്യുവാൻ. രണ്ട് മൂന്നു തവണ നന്നായി ഉഴുതുമറിച്ച് കട്ടകൾ തട്ടിയുടച്ചുനിരപ്പാക്കിയ തിൽ വരികൾ തമ്മിൽ 2 മീറ്റർ അകലം നൽകിവേണം കുഴി എടുക്കാൻ. കുഴി ഏകദേശം 60 സെ.മീ വ്യാസവും 45 സെ.മീ ആഴവും ഉണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളമോ അഴുകി പൊടിഞ്ഞ കമ്പോസ്റ്റോ കുഴികളിൽ മണ്ണുമായി ചേർത്തിളക്കിയ ശേഷം, 4,5 വിത്തുകൾ നടാവുന്നതും 4 ഇലകൾ പാകമായാൽ ആരോഗ്യമുള്ള 2,3 ചെടി നിർത്തിയ ശേഷം മറ്റുള്ളവ പിഴുതുകളയാവുന്നതുമാണ്.
പരിപാലനം
മുളച്ച് രണ്ടാഴ്ച്ച കഴിഞ്ഞ് ആരോഗ്യമുള്ള 2-3 തൈകൾ നിർത്തി ബാക്കിയുള്ളവ ഒഴിവാക്കുക. ചെടികൾ വള്ളി വീശുമ്പോൾ താങ്ങു നൽകണം. തുടർന്ന് പന്തലിടണം. പന്തലിൽ കയറ്റി വിടുമ്പോൾ ആരോഗ്യമുള്ള പ്രധാന ശാഖകൾ മാത്രം പന്തലിൽ കയറ്റി വിടുക, ബാക്കിയുള്ളവ ഒഴിവാക്കുക. പന്തലിൽ പാവൽ എത്തുമ്പോൾ പുതിയ നാമ്പ് ഒടിച്ചു വിടുന്നത് വേഗത്തിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുവാൻ സഹായിക്കും. അതിലൂടെ പാവൽ വള്ളി കൂടുതൽ പന്തലിൽ ഉണ്ടാകും. അതിനാൽ കായ് ഫലം കൂടുതൽ ലഭിക്കും. നിലം ഒരുക്കുമ്പോൾ തന്നെ അതിലെ കട്ടയും മറ്റും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക. ചാണകപ്പൊടി മണ്ണിരകമ്പോസ്റ്റ്/ബയോമാസ് കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി, പാറപ്പൊടി (20 ഗ്രാം) എന്ന തോതിൽ മിക്സ് ചെയ്ത് അടിവളമായി നൽകുക.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്ത് ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത്. വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ 10 ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്താം ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കുകയും ചെയ്യാം. രണ്ട് അടി വലിപ്പവും ഒരടി ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചാണകം മണ്ണിരകമ്പോസ്റ്റ്, സ്യൂഡോമോണസ്, ശീമക്കൊന്ന ഇല ഇവ അടിവളമായി ഇട്ട് കുഴി മൂടുക. കുഴി ഒന്നിന് 2-3 വിത്ത് വീതം പാകുക. തടങ്ങൾ തമ്മിൽ 2 മീറ്റർ അകലം നൽകാം.
വിളവെടുപ്പ്
വിത്ത് പാകി 55, 60 ദിവ എത്തിയാൽ വിള വെടുപ്പ് തുടങ്ങാം. പിന്നെ 6,7 ദിവസങ്ങൾ ഇടവിട്ട് വിളവെടുക്കാം. കായ്കൾ പറിച്ചെടുക്കാൻ താമസം വന്നാൽ പെൺപൂക്കൾ വിടരുന്നത്. കുറയും, തന്മൂലം വിളവു കുറയും
വിത്ത് ശേഖരണം
രോഗകീടാക്രമണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചെടികളിൽ ആദ്യത്തതും അവസാനത്തേതുമല്ലാത്ത മധ്യഭാഗത്തെ വിളവിൽ നിന്നും ഉള്ള നല്ല വലിപ്പമുള്ള കായ്കൾ കണ്ടെത്തി വിത്തിനായി നിർത്താം. പിന്നെ കായ്കൾ മൂത്ത് പഴുത്ത് പൂർണ്ണമായും മഞ്ഞനിറം വരുമ്പോൾ തന്നെ കായ്കൾ ചെടിയിൽ നിന്നും അടർത്തി രണ്ടറ്റത്തെയും വിത്തുകൾ കളഞ്ഞ ശേഷം കായ്കളുടെ നടുഭാഗത്തുള്ള വിത്തുകൾ നന്നായി കഴുകി 3,4 ദിവസം സൂര്യപ്രകാശത്തിൽ ഉണക്കിയ ശേഷം കൃഷിക്കായി ഉപയോഗിക്കാം.
Share your comments