തെക്കേ ഇന്ത്യയിലെയും മദ്ധ്യ ഇന്ത്യയിലെയും വരണ്ട പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യധാന്യമാണിത്. ഉമി കളഞ്ഞ് അരി പോലെ തന്നെ വേവിച്ച് കഴിക്കാവുന്ന മണിച്ചോളം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായും നൽകുന്നു.
കൃഷിരീതി
നേരിട്ട് വിതക്കുകയോ പറിച്ചു നടുകയോ ചെയ്യാം. നേരിട്ടു വിതക്കുമ്പോൾ ഉറുമ്പ് ശല്യത്തിനെതിരെ മുൻ കരുതൽ സ്വീകരിക്കേണ്ടതുണ്ട്. മണ്ണ് ഉഴുത് കട്ടയുടച്ചു അടിവളവും ചേർത്താണ് വിത്തു വിതയ്ക്കുന്നത്.
പറിച്ചു നടുമ്പോൾ ഒരു സെന്റിന് 20 കി.ഗ്രാം വളവും കൂട്ടിച്ചേർത്താണ് തവാരണങ്ങൾ തയ്യാറക്കുന്നത്. തവാരണങ്ങളിൽ വിത്ത് വിതച്ചതിനു ശേഷം ചെറുതായി മണ്ണിളക്കി വിത്ത് മൂടുന്നു. മൂന്നാഴ്ച്ച പ്രായമെത്തുമ്പോൾ ഇത്തരത്തിലുള്ള നഴ്സറികളിൽ നിന്നും പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാവുന്നതാണ്. മഴക്കാല വിളയായി മെയ് അവസാന വാരവും ജലസേചന വിളയായി ജനുവരിയിലും കൃഷി ആരംഭിക്കാവുന്നതാണ്. തവാരണയിൽ പാകി പറിച്ചു നടുന്ന രീതിയിൽ ഒരേക്കറിലേക്ക് 2 കിഗ്രാം വിത്ത് മതിയാവുന്നതാണ്.
ഒരേക്കറിലുള്ള തവാരണക്ക് 60 സ്ക്വയർ മീറ്റർ സ്ഥലം മതിയാകും. തവാരണ തയ്യാറാക്കുമ്പോൾ 2 മുതൽ 3 കുട്ട ചാണകം, 1 കിലോ സൂപ്പർ ഫോസ്ഫേറ്റ്, അര കിലോ വിതം പൊട്ടാഷും അമോണിയം ഫോസ്ഫേറ്റും നന്നായി മണ്ണിൽ ഇളക്കി ചേർക്കണം. 3 ഇഞ്ച് അകലത്തിൽ വരികളായി വിത്ത് പാകി മുകളിൽ ചാണകപ്പൊടിയും മണ്ണ് മണൽ മിശ്രിതം വിരിച്ച് നനക്കണം. രണ്ടാഴ്ചയാകുമ്പോൾ അരകിലോ യൂറിയ നൽകാം.
21-25 ദിവസം പ്രായമായ തൈകൾ പറിച്ചു നടാം. തൈകളുടെ വേരുകൾ അസോസ്പൈറില്ലം ലായനിയിൽ മുക്കിവയ്ക്കാം. നടുമ്പോൾ വരികൾ തമ്മിൽ 45 സെ. മീറ്ററും ചെടികൾ തമ്മിൽ 15 സെ.മി അകലം പാലിക്കണം നടുന്നതിനു മുൻപ് 2 മുതൽ 4 ടൺ വരെ കാലിവളം ഒരേക്കറിൽ ചേർക്കാം. രാസവളങ്ങൾ 40 കിലോ നൈട്രജൻ, 55 കിലോ ഫോസ്ഫറസ്, 17 കിലോ പൊട്ടാഷ്, പത്തുദിവസം ഇടവിട്ട് ജലസേചനം നടത്താവുന്നതാണ്.
Share your comments