പ്രതിവർഷം 50 മുതൽ 100 വരെ കായ്‌കൾ ഉത്പാദിപ്പിക്കുന്നതും പന്ത്രണ്ടു വർഷത്തിലധികം പ്രായമേറിയതുമായ മാതൃവൃക്ഷങ്ങളിൽ നിന്ന് നടീൽ വിത്തുകൾ ശേഖരിക്കാവുന്നതാണ്. 350 ഗ്രാം തൂക്കമുള്ളതും മിനുസമുള്ളതും ആഴം കുറഞ്ഞ കുഴികളോടു കൂടിയ തോടുള്ളതുമായ കായ്‌കൾ വേണം വിത്താവശ്യത്തിനായി ശേഖരിക്കേണ്ടത്.
തോടിന്റെ കട്ടി ഒരു സെന്റിമീറ്ററിൽ കുറവുള്ളതും കായുടെ മധ്യഭാഗത്തുനിന്ന് 35 എണ്ണമോ അതിലധികമോ ദൃഢതയുള്ള വിത്തുകൾ ലഭിക്കുന്നതുമായ കായ്‌കളാണുത്തമം. 689 ഇഞ്ച് വലുപ്പവും 250 ഗേജ് കട്ടിയുമുള്ള ഒമ്പത് സുഷിരങ്ങളോടു കൂടിയതുമായ കറുത്ത നിറത്തിലുള്ള പോളിത്തീൻ കൂടുകൾ പോളിത്തീൻ തവാരണ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. പോട്ടിങ് മിശ്രിത അനുപാതം 2:1:1 മണ്ണ് : മണൽ : പച്ചില വളം.
പഴുത്ത കായ്‌കൾ പറിച്ച് അവയിൽനിന്ന് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വിത്തുകൾ ശേഖരിച്ച് നടണം. കായ്‌കൾ തുറന്ന ശേഷം വിത്തിന്റെ പുറത്തുള്ള മാംസളഭാഗം മണലോ മരപ്പൊടിയോ ഉപയോഗിച്ച് നീക്കം ചെയ്‌തതിനു ശേഷം ഉടൻ നടേണ്ടതാണ്.
നടീൽ വസ്‌തുവിൻറെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി നടീൽ വസ്തുക്കൾ ബൈ ക്ലോണൽ അല്ലെങ്കിൽ പോളിക്ലോണൽ വിത്തു തോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്നതാണ് അഭികാമ്യം. മണ്ണിര കമ്പോസ്റ്റ്, ചകിരി, കമ്പോസ്റ്റ്, കമുക് / കൊക്കോ തൊണ്ട് കമ്പോസ്റ്റുകളും പോട്ടിങ് മിശ്രിത ഘടകമായി ഉപയോഗിക്കാവുന്നതാണ്.
നാലോ അഞ്ചോ മാസം പ്രായമുള്ള നടീൽ വസ്‌തുവാണ് നടാനുത്തമം. തെരഞ്ഞെടുത്ത മാതൃസസ്യങ്ങളുടെ തൈകൾക്ക് തമ്മിൽ സാരമായ വ്യത്യാസമുണ്ടെങ്കിൽ കായികപ്രജനനം അനിവാര്യമാകും. കൊക്കോ പൊതുവേ പരപരാഗണം നടത്തുന്ന വിളയാണെന്നതിനാൽ ചെടികൾ തമ്മിൽ വ്യത്യാസങ്ങളുണ്ടാകും. അതിനാൽ മാതൃസസ്യത്തിൻറെ അതേ സ്വഭാവഗുണമുള്ള നടീൽ വസ്‌തു ക്കളുണ്ടാക്കുവാൻ കൊക്കോയിൽ അത്യുത്തമമായ മാർഗമാണ് മൃദുകാണ്ഡം ഒട്ടിക്കൽ. പോളിത്തീൻ കൂടുകളിൽ വളർത്തിയ 75 മുതൽ 90 ദിവസംവരെ പ്രായമായ തൈകളിലാണ് ഒട്ടിക്കൽ (Grafting) നടത്തേണ്ടത്.
Share your comments