ഏതുതരം കാലാവസ്ഥയും മണ്ണുമാണ് കൊത്തമര വളരാൻ അനുയോജ്യം
കുറഞ്ഞ മഴയും നല്ല ചൂടുമുള്ള കാലാവസ്ഥയാണ് കൊത്തമര വളരാൻ യോജിച്ചത്. പകൽ ദൈർഘ്യം കൂടുതലുള്ളത് സസ്യവളർച്ചയ്ക്ക് അനുകൂലവും പകൽ ദൈർഘ്യം കുറയുന്നത് ചെടികൾ പുഷ്‌പിക്കുവാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അത്തരം കാലാവസ്ഥയിൽ കൊത്തമര നല്ല വിളവ് നൽകുന്നു. എന്നാൽ കേരളത്തിൽ ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാൻ കഴിയുന്നു.
നല്ല നീർവാർച്ചയുള്ളതും മണൽ കലർന്നതുമായ പശിമരാശി മണ്ണാണ് കൊത്തമരയ്ക്ക് ഏറ്റവും അനുയോജ്യം. ചെറിയ തോതിൽ ഉപ്പിന്റെ അംശമടങ്ങിയ മണ്ണിലും കൊത്തമര വിജയകരമായി കൃഷി ചെയ്യാൻ കഴിയും.
കൊത്തമരയുടെ കൃഷിരീതി
കൊത്തമര സാധാരണ കൃഷി ചെയ്യുന്നത് വിത്ത് നേരിട്ട് പാകിയാണ്. ഒരു ഹെക്ടറിന് 10-12 കി.ഗ്രാം വിത്ത് ആവശ്യമായി വരുന്നു.
കൊത്തമര കൃഷി ചെയ്യാൻ നിലമൊരുക്കുന്ന രീതിയും വിത്തു നടുന്ന വിധവും
60 സെ.മീറ്റർ അകലത്തിൽ ചാലുകളും വരമ്പുകളും നിർമിക്കുന്നു. മഴക്കാലത്ത് വരമ്പുകളിലും വേനൽക്കാലത്ത് ചാലുകളിലും വിത്ത് പാകണം. വരികളിൽ 20-30 സെ.മീറ്റർ അകലത്തിൽ വിത്ത് പാകാം.
കൊത്തമര കൃഷി ചെയ്യുമ്പോൾ ഏതെല്ലാം വളങ്ങൾ എത്ര വീതം
ഹെക്ടർ ഒന്നിന് 20 ടൺ കാലിവളവും 45 കി.ഗ്രാം യൂറിയ, 335 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളും ചേർക്കണം. രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ സൂപ്പർ ഫോസ്‌ഫേറ്റ് പൂർണമായും യൂറിയയും പൊട്ടാഷും പകുതി വീതവും അടിവളമായും ശേഷിക്കുന്നവ രണ്ടു തവണ മേൽവളമായും നൽകണം.
പച്ചക്കറി തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 30 കി.ഗ്രാം കാലിവളവും 100 ഗ്രാം യൂറിയായും 1.5 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 275 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചേർക്കണം. മേൽവളമായി 100 ഗ്രാം യൂറിയയും 275 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വിത്ത് പാകി ഒരു മാസം കഴിഞ്ഞ് നൽകണം.
Share your comments