ഒരു വാഴക്കുഴിക്ക് അരക്കിലോ കുമ്മായം എങ്കിലും വാഴ നടുന്നതിന് മുമ്പായി ചേർത്തിരിക്കണം. രണ്ടടി വീതം വീതി, നീളം, താഴ്ച്‌ചയുള്ള കുഴികളാണ് വാഴ നടുന്നതിനായി ഏറ്റവും ഉത്തമം. കുഴി എടുത്ത ശേഷം ശുപാർശ പ്രകാരമുള്ള കുമ്മായം ചേർത്ത് മേൽ മണ്ണിട്ട് മൂടി മണ്ണ് പരുവപ്പെടുന്നതിനായി മൂന്നു മുതൽ അഞ്ചു ദിവസം കഴിഞ്ഞ് അടിവളം ചേർക്കേണ്ടതാണ്. കുഴിയിൽ അഞ്ചു മുതൽ 10 കിലോ ഉണക്ക ചാണകമോ മണ്ണിരക്കമ്പോസ്റ്റോ അല്ലെങ്കിൽ പച്ചില വളമോ അവയുടെ മിശ്രിതമോ അടിവളമായി ചേർത്തതിന് ശേഷം ഒത്ത നടുവിലായി ഒരു ചെറിയ കുഴിയെടുത്ത് കന്ന് നേരെ നടണം.
ചെത്തി വൃത്തിയാക്കിയ കന്ന് കന്നുപചാരം ചെയ്യുന്നതിനായി സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയ അടങ്ങിയ പൊടി 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കുകയോ അല്ലെങ്കിൽ രാസ കീടനാശിനിയായ ക്ലോർപെ - റിഫോസ് മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 15 മിനിറ്റ് മുക്കിയോ നടേണ്ടതാണ്.
മാണപ്പുഴുവിന്റെയും മാണമഴുകലിന്റെയും ശല്യം ഒഴിവാക്കാൻ ഇത് സഹായിക്കും. വേനൽക്കാലത്താണ് കന്നു നടുന്നതെങ്കിൽ കുഴിയിൽ കരിയില ഇട്ട് പുതയിട്ടാൽ മണ്ണിൽ ഈർപ്പം നിലനിൽക്കും.
കന്ന് നടുമ്പോൾ ഉള്ള കുമ്മായ പ്രയോഗത്തിനു ശേഷം രണ്ടുമാസം ഇടവിട്ട് വളപ്രയോഗത്തിന് രണ്ടാഴ്ച മുമ്പ് 200 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് വാഴയുടെ ചുവട്ടിൽ ചേർത്തു കൊടുക്കുന്നത് ഏറ്റവും ഫലപ്രദമായിരിക്കും
Share your comments