പുഷ്പിക്കാത്ത സസ്യങ്ങളുടെ കൂട്ടത്തിൽ അലങ്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു വിഭാഗം സസ്യങ്ങളാണ് പന്നൽ ചെടികൾ. ഏതു പുതിയ സ്ഥലവുമായും വേഗത്തിൽ ഇണങ്ങിച്ചേരുവാനുള്ള ഒരു പ്രത്യേക കഴിവ് പന്നൽ ചെടികൾക്കുണ്ട്. വളരെ ചെറിയ നൂലുപോലുള്ള സസ്യങ്ങൾ മുതൽ 24 മീറ്ററോളം ഉയരത്തിൽ വളരുന്ന സസ്യങ്ങൾ വരെ ഈ വിഭാഗത്തിലുണ്ട്. പന്നൽ ചെടികളിൽ ഭൂരിഭാഗവും ഭാഗികമായ തണൽ ഇഷ്ട്‌ടപ്പെടുന്നവയാണ്.
ഗ്രീൻഹൗസുകളിൽ ഇവ വളർത്തുന്നതിനായി ഒരു പ്രത്യേക സ്ഥലം തന്നെ വേർതിരിക്കാറുണ്ട്. ഇതിന് ഫോണറി എന്നാണ് പറയുന്നത്. റോക്ക് ഗാർഡനിലും, വീട്ടിനകത്തും, വരാന്തകളിലും ഉണങ്ങിയ മതിലുകളിലും തൂക്കിയിടുന്ന കുട്ടകളിലും വളർത്താൻ യോജിച്ച പന്നൽചെടികളുണ്ട്.
പന്നൽചെടികളുടെ ഇലകൾ പാത്രങ്ങളിൽ പൂക്കൾ അലങ്കരിക്കാനും, പൂച്ചെണ്ടുകൾ, റീത്തുകൾ ഇവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഉണങ്ങിയ ഇലകൾ ആശംസാ കാർഡുകളിൽ ഒട്ടിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
ഇലകളുടെ അടിവശത്താണ് സ്പോറുകൾ കാണപ്പെടുന്നത്. ഇവ ശേഖരിക്കുന്നതിനായി പാകമായ ഇലകൾ ശേഖരിച്ച് സ്പോറുകളുള്ള വശം അടിഭാഗത്ത് വരത്തക്കവിധം ഒരു കടലാസിൽ നിരത്തണം. സ്പോറുകൾ പറന്നു പോകുന്നതൊഴിവാക്കുന്നതിനും ഇലയിലുള്ള ഈർപ്പം ഒപ്പിയെടുക്കുന്നതിനും ഇലകൾ ഒരു ബ്ലോട്ടിങ് പേപ്പർ കൊണ്ട് പൊതിയേണ്ടതാണ്.
രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്പോറുകൾ ഇലകളിൽ നിന്ന് വേർപെട്ട് പേപ്പറിൽ വീഴും. ബ്ലോട്ടിങ് പേപ്പർ മാറ്റിയ ശേഷം പേപ്പർ മടക്കി സ്പോറുകൾ ഒരുമിച്ച് കൂട്ടി പൊതിഞ്ഞ് സൂക്ഷിക്കാം. ചില സ്പോറുകൾ വർഷങ്ങളോളം അങ്കുരണശേഷി നഷ്‌ടപ്പെടാതെ സൂക്ഷിക്കാമെങ്കിലും, പുതിയ സ്പോറുകൾ വിതയ്ക്കുന്നതാണ് അഭികാമ്യം.
മെയ്ഡൻ ഹെയർ ഫോൺസ്, ട്രീ ഫേൺസ്, ഫ്ളവറിങ് ഫോൺ, ബേർഡ്‌സ് നെസ്റ്റ് ഫേൺ, ബോൾ ഫോൺ, സ്വാഡ് ഫോൺ, റോയൽ ഫോൺ എന്നിവ നല്ല ഉദാഹരണങ്ങളാണ്.
Share your comments