ഡ്രാഗൺ ചെടി നടാൻ ഏറ്റവും നല്ല കാലം ഇപ്പോഴാണ്. ഒക്ടോബർ നവംബർ മാസങ്ങൾ. പൂവിടലും വിളവെടുപ്പും പൂർത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോൾ മുറിച്ചു മാറ്റുന്ന തണ്ടുകൾ നേരിട്ടു നട്ടാൽ മതി. വേനലിൽ നനച്ചു നന്നായി പരിപാലിച്ചാൽ അടുത്ത സീസണിൽ ത്തന്നെ കായ്ക്കാം. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മറ്റു മാസങ്ങളിലും നടാം. എന്നാൽ, ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്ന്. കള്ളിമുൾച്ചെടിയുടെ വർഗത്തിൽപെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ.
നനച്ചില്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് നിലനിൽക്കും. എന്നാൽ, വേണ്ടത്ര നനയുണ്ടെങ്കിലേ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്ക കാലത്ത് വേനലിലെങ്കിലും നനയ്ക്കേണ്ടി വരും. തുള്ളി നന നൽകുന്നത് വളർച്ച മെച്ചപ്പെടുത്താൻ ഉചിതമാണ്. വലുതായ ശേഷവും വേനൽക്കാല നന തുടരുന്നതാണ് ഉത്തമം. എങ്കിലേ ശരിയായ വളർച്ച ഉറപ്പാക്കാനാകൂ.
നല്ല രീതിയിൽ ജൈവവളം ആവശ്യമുള്ള സസ്യമാണ് ഡ്രാഗൺ. ഏറ്റവും നല്ലത് കോഴിവളമാണ്. കൂടാതെ, ചാണകവും ആട്ടിൻകാഷ്ഠവും നൽകാം. അധിക പോഷണമായി എൻപികെ രാസവളങ്ങളും നൽകണം, വളർച്ചക്കാലത്ത് നൈട്രജനും പൂവിടൽ സമയത്ത് പൊട്ടാഷുമാണ് നൽകേണ്ടത്. വേരുകൾ ആഴത്തിലേക്കു പോകാതെ മേൽമണ്ണിൽ ഏകദേശം 10 സെ.മീ. ആഴത്തിൽ മാത്രം വളരുന്ന വിളയാണിത്.
ജൈവവളങ്ങളോടും രാസവളങ്ങളോടും നന്നായി പ്രതികരിക്കും പൂർണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചും രാസവള പ്രയോഗത്തോടു കൂടിയും കൃഷി ചെയ്യാം. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു കൃഷി ചെയ്യുമ്പോൾ നന്നായി അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കോഴിവളം എന്നിവ തുല്യ അളവിൽ ഇളക്കി ചേർത്ത മിശ്രിതത്തിൽ കിലോയ്ക്ക് 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കിയ വളക്കൂട്ട് ചെടി ഒന്നിന് 7 കിലോ കണക്കിൽ വർഷത്തിൽ 4 പ്രാവശ്യം 3 മാസ ഇടവേളയിൽ ചേർക്കണം.
സമ്മിശ്ര വളപ്രയോഗം മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വേണം. പൂർണ ഉൽപാദനത്തിൽ എത്തിയ ചെടികൾക്ക് താങ്ങുകാൽ ഒന്നിന് വർഷത്തിൽ ഏകദേശം 900 ഗ്രാം യൂറിയ, രണ്ട് കിലോ റോക്ക് ഫോസ്ഫേറ്റ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 10 മുതൽ 15 കിലോ ജൈവവളത്തോടൊപ്പം 4 തവണയായി നൽകാം. ഇതു ചെടിയുടെ വളർച്ച ഘട്ടങ്ങൾക്ക് അനുസരണം നൽകുന്നതു നന്ന്. കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവയും മറ്റു സൂക്ഷ്മ മൂലകങ്ങളും നൽകുന്നത് രോഗപ്രതിരോധശേഷിക്കും ഉയർന്ന ഉൽപാദനത്തിനും സഹായിക്കും.
Share your comments