വിത്തുമുഖേനയും കായികപ്രവർധനം വഴിയും ആന്തൂറിയത്തിന്റെ പ്രധാന തണ്ടു മുറിച്ചുനട്ടും പുതിയ തൈകൾ ഉണ്ടാക്കാം. തണ്ടിൻ്റെ അഗ്രഭാഗം രണ്ടോ മുന്നോ ഇലകളോടു കൂടെയാണ് മുറിച്ച് നടേണ്ടത്. മുറിച്ചു മാറ്റിയ ഭാഗത്തു നിന്നും പുതിയ തൈകൾ ഉണ്ടാകുന്നു. ഇതാണ് 'കിക്കികൾ' അഥവാ കുഞ്ഞു തൈകൾ.
മാതൃസസ്യം പുഷ്പിക്കുന്നതുവരെ സക്കറുകൾ വളരാൻ അനുവദിക്കണം. അതിനു ശേഷം സക്കറുകൾ വേരുകളോടൊപ്പം ഇളക്കിയെടുത്ത് പ്രത്യേകം നടാം.
കായികപ്രവർധനം ബുദ്ധിമുട്ടാണെന്നു മാത്രമല്ല വളരെ സാവധാനത്തിലെ ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രധാന തണ്ട് മുറിച്ചു നടാൻ പാകമാകാൻ വർഷങ്ങളെടുക്കും. മാത്രമല്ല പല മുന്തിയ ഇനങ്ങളിലും സക്കറുകളും കിക്കികളും വളരെ കുറച്ച് മാത്രമെ ഉണ്ടാകുന്നുള്ളൂ.
കൃത്രിമ പരാഗണം നടത്തിയാണ് ആന്തൂറിയത്തിൻ്റെ വിത്തുകളുണ്ടാക്കുന്നത്. വിടർന്ന് ഒരാഴ്‌ചയായ പൂവിലേക്ക് മറ്റൊരു ചെടിയിൽ നിന്നെടുക്കുന്ന പൂമ്പൊടി തേച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു വേണ്ടി മൃദുവായ ഒരു ബ്രഷ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. പരാഗണം കഴിഞ്ഞ് 6 മുതൽ 8 വരെ മാസങ്ങൾ കൊണ്ട് വിത്ത് പഴുത്ത് പാകമാകും. ഒരു തിരിയിൽ 100 മുതൽ 500 വിത്തുകൾ വരെ ഉണ്ടാകും.
വിത്തുകൾ തിരിയിൽ നിന്ന് അടർത്തിയെടുത്ത് വിരലുകൾക്കിടയിൽ വച്ചമർത്തി വിത്തിനെ പൊതിഞ്ഞിരിക്കുന്ന ജെല്ലിയിൽ നിന്ന് പുറത്തെടുക്കണം. ഈ വിത്തുകൾ പരന്നവിത്തു ചട്ടിയിൽ അഴുക്കില്ലാത്ത (അണുവിമുക്തമാക്കിയതും ആകാം) ആറ്റുമണലിൽ പാകി മുളപ്പിച്ചെടുക്കാം.
മണ്ണിൽ ഈർക്കിൽ കൊണ്ടു കൂത്തി ദ്വാരമുണ്ടാക്കി അതിലാണ് വിത്തുകൾ ഇടുന്നത്. വിത്തുകൾ മുളയ്ക്കുന്നതിനാവശ്യമായ ജലാംശവും ചൂടും ലഭിക്കുന്നതിന് ചെടിച്ചട്ടിയുടെ വായ് പോളിത്തീൻ ഷീറ്റുകൊണ്ട് മൂടിക്കെട്ടുന്നു. വിത്തിൽ നിന്നുണ്ടാക്കുന്ന തൈകൾ പൂക്കുന്നതിന് രണ്ടു വർഷമെങ്കിലും വേണ്ടി വരും.
Share your comments