കുടംപുളി മരത്തിന്റെ സ്വഭാവം എങ്ങനെയാണ്
കുടംപുളിയുടെ മരങ്ങൾക്ക് മിതമായ വലിപ്പവും ഉരുണ്ട ശീർഷഭാഗവും കാണുന്നു. ശാഖകൾ സമാന്തരമായോ തൂങ്ങിയോ കാണപ്പെടുന്നു.
ഇലകളുടെ സ്വഭാവം എങ്ങനെയാണ്
ഇലകൾക്ക് കടുംപച്ച നിറവും തിളക്കവുമുണ്ട് 5-12 സെ.മീറ്റർ നീളവും 2-7 സെ.മീറ്റർ വീതിയും കാണുന്നു.
ഏതു രീതിയിലുള്ള കാലാവസ്ഥയും മണ്ണുമാണ് കുടംപുളിയുടെ കൃഷിക്ക് യോജിച്ചത്
കർണാടകത്തിലെ കൊങ്കണിന്റെ തെക്കുഭാഗത്തുനിന്നും തിരുവിതാംകൂർ ഭാഗത്തേക്കുള്ള മാർഗമധ്യേ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിൽ കുടംപുളി സാധാരണയായി കാണാൻ കഴിയുന്നു. സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരം വരെ നീലഗിരിയിലെ ഷോല കാടുകളിൽ ഇവ കാണുന്നു. വേനൽക്കാലത്ത് പൂക്കുകയും മഴക്കാലത്ത് പഴങ്ങൾ പാകമാകുയും ചെയ്യുന്നു. വെള്ളം കയറിയിറങ്ങുന്ന ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് ഇത് നന്നായി വളരുന്നത്. എങ്കിലും ഉയർന്ന കുന്നിൻചരിവുകളിൽ പോലും വളരെ ലാഭകരമായി കുടംപുളി കൃഷി ചെയ്തു വരുന്നു.
ഏതുതരം മണ്ണും കുടംപുളി കൃഷി ചെയ്യുവാൻ അനുയോജ്യമാണെങ്കിലും മണൽ കലർന്ന എക്കൽ മണ്ണിലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. അന്തരീക്ഷ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലാണ് കുടംപുളി ഏറ്റവും കൂടുതൽ ഫലം നൽകുന്നത്.
കുടംപുളിയിൽ ഏതു രീതിയിലാണ് പ്രവർധനം നടത്തുന്നത്
മൃദുകാണ്‌ഡ ഗ്രാഫ്റ്റിങ്, വശം ചേർത്തൊട്ടിക്കൽ എന്നീ രീതികളിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഒട്ടുതൈകളും വിത്തു മുളപ്പിച്ചുണ്ടാക്കുന്ന തൈകളുമാണ് നടാൻ ഉപയോഗിക്കുന്നത്.
വിത്ത് മുളച്ചുണ്ടാകുന്ന തൈകളിൽ 50-60 ശതമാനം വരെ ആൺമരങ്ങളായിരിക്കും. തൈകൾ കായ്ക്കാൻ 10-12 വർഷമെങ്കിലും എടുക്കും. ഇത് രണ്ടും ഈ രീതിയുടെ പോരായ്‌മയാണ്. ഒട്ടുതൈകൾക്കുള്ള ഗുണവിശേഷങ്ങൾ അവ ചുരുങ്ങിയ കാലയളവിൽ തന്നെ പുഷ്പിച്ച് നല്ല കായ്‌ഫലം തരുന്നു എന്നതും കൂടാതെ കായിക പ്രവർധനത്തിലൂടെ മാതൃവൃക്ഷത്തിന്റെ സ്വഭാവങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ഒട്ടുതൈകൾ വഴിയുള്ള പ്രവർധനത്തിന് മുൻതൂക്കം നൽകുന്നു
Share your comments