 
            കേരളത്തിലെ വനപ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിലെ വന്മരങ്ങളുടെ തണലിൽ തിപ്പലി സമൃദ്ധിയായി വളരുന്നുണ്ട്. അതു കൊണ്ടുതന്നെ തിപ്പലികൃഷി ചെയ്യുമ്പോൾ ഭാഗീകമായി തണൽ ലഭിക്കുന്ന സ്‌ഥലങ്ങൾ വേണം തിരഞ്ഞെടുക്കേണ്ടത്. തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും തിപ്പലികൃഷിയ്ക്ക് വളരെ അനുയോജ്യമാണ് നല്ല നീർവാർച്ചയുള്ള ചരൽ ചേർന്ന ജൈവാംശം കൂടുതലായുള്ള പ്രദേശമാണ് തിപ്പലി കൃഷിയ്ക്ക് യോജിച്ചത്.
വരണ്ട കാലാവസ്‌ഥ തിപ്പലികൃഷിയെ പ്രതികൂലമായി ബാധിക്കും. തിപ്പലിയുടെ തണ്ടു മുറിച്ചു വച്ചാണ് വംശവർദ്ധനവ് നടത്തുന്നത്. മുറിച്ച വള്ളികൾ ഒന്നോ രണ്ടോ മുട്ടു മണ്ണിനടിയിൽ വരത്തക്കവിധം പോളിത്തിൻ കവറുകളിൽ നട്ടു വേരു പിടിപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് ഉത്തമം. ഒരു പോളിത്തീൻ കവറിൽ മൂന്നോ നാലോ വള്ളികൾ നടാം.
കൃഷിചെയ്യാനുദ്ദേശിക്കുന്ന സ്‌ഥലം നന്നായി കിളച്ച് കട്ടകൾ ഉടച്ചു 5 മീറ്റർ നീളവും മുന്നു മീറ്റർ വീതിയുമുള്ള തവാരണകൾ ഉണ്ടാക്കി തവാരണകളുടെ വലിപ്പം സ്‌ഥലത്തിൻ്റെ കിടപ്പും വിസ്‌തീർണ്ണവുമനുസരിച്ച് യുക്‌തം പോലെ മാറ്റാവുന്നതാണ്. 50 സെ.മീ. അകലത്തിൽ കുഴികളെടുത്ത് വരിവരിയായി വേരുപിടിച്ച തൈകൾ നടുക.
നടുന്നതിനു മുമ്പ് കുഴിയിലെ മണ്ണിൽ അഴുകിപ്പൊടിഞ്ഞ കമ്പോസ്‌റ്റോ കാലിവളമോ 100 ഗ്രാം വീതം ഇളക്കി ചേർക്കുക. നല്ല രീതിയിൽ വളപ്രയോഗം നടത്തുന്നതിന് ഹെക്‌ടർ ഒന്നിന് 25 ടൺ വരെ ജൈവവളം ആവശ്യമാണ്. ഓരോകുഴിയിലും വേരുപിടിച്ച രണ്ടോ മൂന്നോ വള്ളികൾ നടാം കുഴികൾ തയ്യാറാക്കിയ തവാരണകളിൽ യാതൊരു കാരണവശാലും വെള്ളം കെട്ടി നില്‌കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലം പകുതിയാകുമ്പോൾ കൃഷി ആരംഭിക്കാം.
മഴക്കാലം പൂർണ്ണമായും മാറിയാൽ ദിവസേന ജലസേചനം നടത്തുന്നത് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും, വേരു പിടിപ്പിച്ച് കുറഞ്ഞത് ഒന്നര മാസം പ്രായമുള്ള വള്ളികൾ വേണം ഇപ്രകാരം മാറ്റിനടേണ്ടത്. ചെടികൾ നട്ട് നാലുമാസം കഴിയുമ്പോൾ തന്നെ നന്നായി പടർന്നു വളരാൻ തുടങ്ങിയ ചെടികളിൽ പൂക്കുലകൾ അഥവാ തിരികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ തരികൾ ഇളം പച്ച നിറത്തിൽ നിന്ന് കറുത്ത പച്ച നിറത്തിലാകുമ്പോൾ മാത്രമാണ് വിളവെടുപ്പ് നടത്തേണ്ടത്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments