ഇഞ്ചിയുടെ കൃഷിരീതിയും പരിചരണവും മാത്രമേ ചിറ്റരത്തയ്ക്കും ആവശ്യമുള്ളു. നല്ല മഴ കിട്ടുന്ന ഉഷ്ണമേഖലകളിൽ വളരാൻ ഇഷ്ടം. ചതുപ്പു സ്ഥലങ്ങളിലും വളക്കൂറുള്ള വനമണ്ണിലും സമൃദ്ധമായി വളരും. പച്ച കിഴങ്ങുകൾ നട്ടാണ് കൃഷി. നീർവാർച്ച കുറഞ്ഞ എക്കൽ മണ്ണാണ്. ഉത്തമം. തെങ്ങിൻ തോപ്പിലും റബർ തോട്ടത്തിലും ചിറ്റരത്ത ഇടവിളയായി വളർത്താം.
വിളവെടുത്തു സൂക്ഷിച്ചാൽ കിഴങ്ങുകൾ ഉണങ്ങിപ്പോകും. നടാനുള്ളവ ആവശ്യത്തിനു പിഴുതെടുത്ത് ഓരോ മുള വീതമുള്ള ചെറു കഷണങ്ങളാക്കി നട്ടാൽ മതിയാകും. മഴ ആശ്രയിച്ചുള്ള കൃഷി മേയ്- ജൂണിൽ നടത്താം. കൃഷിയിടം നന്നായി ഉഴുതൊരുക്കി കാലിവളമോ ജൈവവളമോ അടിവളമായി ചേർക്കുക. ഏക്കറിന് മൂന്നു ടൺ ജൈവവളം എന്നാണ് തോത്. സൗകര്യപ്രദമായ നീളത്തിലും വീതിയിലും തടങ്ങൾ ഉയർത്തി കോരുക.
നല്ല വിത്തു കിഴങ്ങു കഷണങ്ങൾ നടാം. തടത്തിൽ അഞ്ചു സെൻ്റീമീറ്റർ നീളത്തിൽ കഷണങ്ങൾ കൈക്കുഴികളെടുത്തു നടണം. ചാണകപ്പൊടി വിതറി ഇളക്കി 30x30 സെൻ്റീമീറ്റർ അകലത്തിൽ വേണം നടാൻ. നട്ടു കഴിഞ്ഞാൽ ഇവ കാലിവളം കൊണ്ടു മൂടി പച്ചിലയോ വൈക്കോലോ കൊണ്ടു പുതയിടണം. എല്ലുപൊടിയും വളർച്ചയ്ക്കു നല്ലതാണ്. ഏക്കറിന് 500 കിലോ എന്നാണ് ശിപാർശ. മൂന്നു നാലാഴ്‌ച കൊണ്ട് ചെടി മുളയ്ക്കും. രാസവളങ്ങളായ യൂറിയ, രാജ് ഫോസ്, പൊട്ടാഷ് എന്നിവ ഏക്കറിന് യഥാക്രമം 80,100,30 കിലോ എന്ന തോതിൽ രണ്ടോ മൂന്നോ തവണയായി നൽകിയാൽ മതി
Share your comments