പൂവിന്റെ മേതയും കേടുകൂടാതെ സൂക്ഷിക്കാനുള്ള കഴിവും (വേസ് ലൈഫ്) ഏറക്കുറെ അതു മുറിച്ചെടുക്കുന്ന രീതിയെയും സമയത്തെയും (മുഴുവൻ വിരിഞ്ഞുതീരുന്നതിനുമുമ്പ്) അടിസ്ഥാനമാക്കിയാണ്. ചെടിയിൽ നിന്നും പൂങ്കുല ഒരു സികാചിയർ (Secateur) ഉപയോഗിച്ചു മുറിക്കണം. മുറിക്കുമ്പോൾ 1.5-2 സെ.മീ. തണ്ടിൽ നിന്നും വിട്ടു വേണം മുറിക്കേണ്ടത്. 75 ശതമാനം പൂക്കൾ വിരിഞ്ഞു കഴിഞ്ഞവയും 25 ശതമാനം പൂക്കൾ മൊട്ടുമായിരിക്കണം.
വൈകുന്നേരം കുലകൾ മുറിച്ചെടുക്കുന്നതാണ് ഉത്തമം. വെട്ടിയെടുക്കുന്ന പൂങ്കുലകൾ ഒരു ബക്കറ്റിൽ വെച്ചിട്ടുള്ള വെള്ളത്തിൽ സൂക്ഷിക്കണം പൂക്കൾ പായ്ക്കു ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് പൂട്ടിൻ്റെ മുറിച്ച ഭാഗം ഒരു ശതമാനം പൊട്ടാസ്യം പെർമാനേറ്റ് സൊലൂഷനിൽ (10 ഗ്രാം പൊട്ടാസ്യം പെർമാഗനേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) മുക്കിയ പഞ്ഞി കൊണ്ട് പൊതിഞ്ഞ ശേഷം അതിനു മുകളിൽ പൊളിത്തീൻ പേപ്പർ കൊണ്ടു പൊതിഞ്ഞ് ഇളകിപ്പോകാതിരിക്കാൻ റബർബാൻഡ് ഇടണം. നേരിട്ടു പൂക്കൾ അയയ്ക്കുന്നില്ലെങ്കിൽ, അടുത്തെവിടെയെങ്കിലും വിൽക്കാനാണ് ഉദ്ദേശ്യമെങ്കിൽ തണ്ടിൻ്റെ ചുവടുഭാഗം പഞ്ഞി കൊണ്ട് മേൽ പ്രതിപാദിച്ചതു പോലെ പൊതിഞ്ഞ് അവിടെ എത്തിച്ചാൽ മതി.
നേരിട്ട് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെടിയിൽ നിന്നും മുറിച്ചെടുത്ത പൂങ്കുലകൾ ബക്കറ്റിലുള്ള വെള്ളത്തിൽ തണ്ടുമുക്കി വച്ച് മുഴുവനും കൂടി വീട്ടിനുള്ളിൽ എത്തിക്കുന്നു. അതിനുശേഷം അവയുടെ തണ്ട് 3 ശതമാനം (ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ഷുഗർ) ഷുഗർ ലായനിയിൽ 15 മിനിറ്റുനേരം മുക്കി വച്ചേക്കണം. എന്നിട്ട് അതിൽ നിന്ന് എടുത്ത് ഒരു ശതമാനം പൊട്ടാസ്യം പെർമാഗനേറ്റ് സൊലൂഷനിലോ സോഡിയം തയോസൾഫേറ്റ് സൊലൂഷനിലോ അരമണിക്കൂർ സമയം വീണ്ടും തണ്ടു മുക്കിവയ്ക്കണം. ഇനി അവ അതേ സൊലൂഷനിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ തണ്ടിന്റെ ചുവട് പൊതിഞ്ഞു കെട്ടണം.
ഒരു ഓർക്കിഡ് ഗ്രോവറിൽ നിന്നും വാങ്ങിയ പൂക്കളാണെങ്കിൽ പെർമാംഗനേറ്റ് സൊലൂഷനിൽ മുക്കിയ പഞ്ഞി കൊണ്ടു പൂത്തണ്ടിന്റെ അഗ്രം പൊതിഞ്ഞിട്ടുണ്ടോ എന്നു നോക്കണം. ഉണ്ടെങ്കിൽ അതെല്ലാം നീക്കം ചെയ്ത ശേഷം ഒരു സെ.മീ. നീളത്തിൽ തണ്ടിൻ്റെ ചുവട്ടിൽ നിന്നും മുറിച്ചുകളയണം. ശേഷം മേല്‌പറഞ്ഞ പോലെ ഷുഗർ സൊലൂഷനിലും പെർമാംഗനേറ്റ് സൊലൂഷനിലും ഇട്ടുവച്ച ശേഷം നനച്ച പഞ്ഞി കൊണ്ട് ചുവടു പൊതിഞ്ഞു കെട്ടണം. ഇനി പൂക്കൾ അയയ്ക്കാം.
Share your comments