പല കർഷകരും തെങ്ങിൽ കുരുമുളക് പടർത്താറുണ്ട്. കുരുമുളകു കൃഷിക്ക് പറമ്പിലുള്ള താങ്ങുമരങ്ങളുടെ കൂട്ടത്തിൽ തെങ്ങിനും പ്രത്യേകം പ്രാധാന്യം നൽകാം. തെങ്ങ് കുരുമുളകിന് ആവശ്യമായ സൂര്യപ്രകാശം നൽകുന്നു.
തെങ്ങ് ഏകദേശം 9 മീറ്റർ വളർന്നതിനുശേഷം കുരുമുളക് പടർത്തുന്നതാണ് ഉപയോഗപ്രദം. കൊടിക്ക് ആവശ്യമായ തോതിൽ സൂര്യപ്രകാശം ലഭിക്കുവാൻ ഇതു സഹായിക്കും. വള്ളി തിരിയിടുന്ന സമയത്ത് പൂക്കളിൽ ശരിയായ പരാഗണം നടക്കുന്നതിനു വേണ്ടി ധാരാളം മഴവെള്ളം വീഴുന്നതിന് ഇത് സൗകര്യം നൽകുന്നു. തെങ്ങിന്റെ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ അകലത്തിൽ കുഴിയെടുത്ത് വള്ളികൾ നടുന്നതാണ് നല്ലത്. വളർന്നു വരുന്ന വള്ളിയെ നിലത്തു കൂടി തന്നെ പടർത്തി തെങ്ങിൽ എത്തിച്ചാൽ മതി. അതിനു ശേഷം നിലത്തുള്ള വള്ളി മണ്ണിട്ടു മൂടണം. ഇപ്രകാരം തെങ്ങിന്റെ വടക്കു ഭാഗത്ത് കുരുമുളക് നടാം.
തെങ്ങിന് വർഷം തോറും വളം ചെയ്യുവാൻ തടം തുറക്കുന്ന അവസരത്തിൽ വള്ളി തറയിൽ കൂടി പടർന്ന് തെങ്ങിൽ കയറിയിട്ടുള്ള ഭാഗം വിട്ടു വേണം തടം തുറക്കാൻ. കൊടിയുടെ ആദ്യ ദശയിൽ തെങ്ങിൻ്റെ മിനുസമായ തടിയിൽ അവയുടെ വേരുകൾ പറ്റിപ്പിടിച്ചു വളരുവാൻ പ്രയാസം നേരിട്ടേക്കാം. അതിനാൽ വളർന്നു വരുന്ന വള്ളിയെ കൂടക്കൂടെ നാരു കൊണ്ട് തെങ്ങുമായി ബന്ധിച്ചു കെട്ടണം. തെങ്ങിൽ കുരുമുളക് പടർത്തുമ്പോൾ കൊടിയുടെ ഉയരം അഞ്ചോ ആറോ മീറ്ററായി ക്രമീകരിക്കണം. തെങ്ങിനും കുരുമുളകിനും വർഷം തോറും പ്രത്യേകം പ്രത്യേകം ആവശ്യമായ വളം നൽകാനും ശ്രദ്ധിക്കണം.
Share your comments