ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള മണ്ണിര കമ്പോസ്റ്റിൽക്കൂടി വെള്ളം സാവധാനത്തിൽ ഒഴിച്ചു ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം- ഇതാണ് മണ്ണിര ടോണിക് അഥവാ വെർമിവാഷ്
20-25 ലിറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് ബേയ്‌സിൻ എടുത്ത് വശങ്ങളിൽ ദ്വാരമുള്ള ഒരു പ്ലാസ്റ്റിക് വേസ്റ്റ് ബാസ്‌കറ്റ് എടുത്ത് അതിന്റെ അടിയിൽ 5 സെ.മീ. വ്യാസമുള്ളതും, 30 സെ.മീ. നീളമുള്ളതുമായ ഒരു ട്യൂബ് കടത്തി വയ്ക്കത്തക്ക വിധം ഒരു ദ്വാരമിടുക.
ബേയ്‌സിനു നടുവിലായി പ്ലാസ്റ്റിക് ബാസ്ക്‌കറ്റ് കമിഴ്ത്തി വയ്ക്കുക. ഏകദേശം 30 സെ.മീ. നീളമുള്ള ട്യൂബിന്റെ അറ്റത്ത് 5 സെ.മീ. പൊക്കം വരെ സൂക്ഷ്‌മ ദ്വാരങ്ങളിടുക. ദ്വാരങ്ങളിട്ട ഭാഗം ബെയ്‌സിൻ്റെ അടിയിൽ തൊട്ട് നിൽക്കത്തക്ക വണ്ണം ട്യൂബ് കടത്തുക. പമ്പിൻ്റെ മറ്റേ അറ്റം ബെയ്‌സിൻ്റെ അടിയിൽ തൊട്ടുനിൽക്കണം.
വിരകൾ വേസ്റ്റ് ബാസ്‌കറ്റിൽ കടക്കാതിരിക്കാൻ ഒരു നൈലോൺനെറ്റ് ഉപയോഗിച്ച് പൊതിയുക. പ്ലാസ്റ്റിക് ബാസ്‌കറ്റിനു വെളിയിലായി ഇഷ്ടികക്കഷ്‌ണങ്ങൾ ഏകദേശം 5 സെ.മീ. ഉയരം വരെ ഇടുക. മുകളിൽ ഇതേ കനത്തിൽ ചകിരി പരത്തുക. നന്നായി നനച്ച ശേഷം യൂഡിലഡ് യൂജിനിയേ എന്നയിനം മണ്ണിരകളെ നിക്ഷേപിക്കുക.
അതിന് മുകളിൽ നേരിയ കനത്തിൽ ഒരു കിലോഗ്രാം ജൈവാവശിഷ്ടങ്ങൾ അടുത്ത ദിവസം ഇതിനു ചുറ്റും 2 ലിറ്റർ വെള്ളം സാവധാനത്തിൽ തളിക്കുകയും അതിനടുത്ത ദിവസം തെളിഞ്ഞു വരുന്ന വെർമിവാഷ് മണ്ണെണ്ണപ്പമ്പ് ഉപയോഗിച്ച് പമ്പ് ചെയ്തെടുക്കുക. ഇതിനെ കുപ്പിയിലാക്കി സൂക്ഷിക്കുക.
അന്തരീക്ഷ നൈട്രജനെ സ്ഥിരീകരിക്കാനും ലേയത്വം കുറഞ്ഞ ഫോസ്‌ഫറസിന്റെ ലഭ്യത കൂട്ടാനും സഹായിക്കുന്ന സൂക്ഷ്മാണുക്കൾ വെർമിവാഷിൽ ഉണ്ട് വെർമിവാഷ് മണ്ണിൽ നേരിട്ട് ഒഴിച്ചു കൊടുക്കുകയോ അല്ലെങ്കിൽ ഇത് പത്തിരട്ടി വെള്ളവുമായി ചേർത്ത് നേർപ്പിച്ച് മണ്ണിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം.
Share your comments