ഓർക്കിഡിന് വളപ്രയോഗം നടത്തുമ്പോൾ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങൾ
കൃത്യമായ രീതിയിൽ വളപ്രയോഗം ചെയ്ത ഓർക്കിഡുകൾ കൂടുതൽ വലുപ്പമുള്ളതും മികച്ചതുമായ പൂക്കൾ ഉല്‌പാദിപ്പിക്കുന്നു. ചെടിയുടെ ഇലയുടെയും വേരിന്റെയും വളർച്ചയുടെ ലക്ഷണങ്ങൾ നോക്കി വളപ്രയോഗം ക്രമീകരിക്കാവുന്നതാണ്. രാസവളത്തിന്റെ ശക്തിയും ആവൃത്തിയും വിവിധ ഇനങ്ങൾക്കനുസ രിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ജലസേചനത്തിനൊപ്പം ദ്രവരൂപത്തിലുള്ള വളപ്രയോഗമാണ് ആധുനിക സമ്പ്രദായം ആയ fertigation. ഓർക്കിഡ് അവയുടെ ഇലകളിലൂടെയും തണ്ടിലൂടെയും വേരുകളിലൂടെയും വളം ആഗിരണം ചെയ്യുന്നതിനാൽ, വളം ലായനി രൂപത്തിൽ ചെടികളിൽ മുഴുവനായി പ്രയോഗിക്കണം.
വളം ഉപയോഗിക്കുന്നതിന് മുമ്പ് ചെടികൾ നനയ്ക്കുന്നത് വളപ്രയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കും. വേരുകളിൽ വെള്ളം നിറഞ്ഞിരിക്കുമ്പോൾ അവയ്ക്ക് കുറച്ച് വളമേ ആഗിരണം ചെയ്യാൻ സാധിക്കൂ.
ഇലകളിലെ വളപ്രയോഗം ഓർക്കിഡുകളിൽ നല്ല ഫലം നല്‌കുന്നു. വളം വേരുകളിലും ഇലകളിലും ചെറുകണികകളായി പ്രയോഗിക്കാം. ചാണകലായനി, മത്സ്യ എമൽഷൻ, കടൽച്ചെടികളിൽ നിന്നും തയ്യാറാക്കുന്ന വളങ്ങൾ, ഗോമൂത്രം തുടങ്ങിയ ജൈവവളങ്ങൾ നല്ല ഫലം നല്കുന്നു. ഗോമൂത്രം ഉപയോഗിക്കുമ്പോൾ ഒരു ലിറ്ററിന് 10 മുതൽ 15 വരെ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാം. NPK 22 21:21:21, അല്ലെങ്കിൽ 19:19:19 18:18:18 പോലെ വെള്ളത്തിൽ ലയിക്കുന്ന വ്യത്യസ്‌ത കോമ്പിനേഷനുകളിൽ ഉപയോഗിക്കാം.
പ്രയോഗത്തിന്റെ ആവൃത്തി അനുസരിച്ച് വളത്തിൻ്റെ സാന്ദ്രത (2-4 ഗ്രാം/ലിറ്റർ) തീരുമാനിക്കാം. 7 മുതൽ 14 ദിവസം വരെയുള്ള ഇടവേളകളിൽ വളം പ്രയോഗിക്കുമ്പോൾ 4 g/L എന്ന അളവിലും എല്ലാ ദിവസം/ഒന്നിടവിട്ട ദിവസങ്ങളിൽ പ്രയോഗിക്കുമ്പോൾ 1g/L എന്ന അളവിലും ഉപയോഗിക്കാവുന്നതാണ്. കൂടിയ ഇടവേളകളിലാണ് വളപ്രയോഗം എങ്കിൽ ഗാഢലായനി വളവും ചെറിയ ഇടവേളകളിലെ വളപ്രയോഗത്തിന് നേർത്ത വളലായനിയും നിരന്തരമായ പോഷകാഹാരം ലഭിക്കാൻ ഇടയാക്കുന്നു. മഗ്നീഷ്യം സൾഫേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് (13-0 -44) എന്നിവയുടെ പ്രയോഗം വളർച്ചയും പൂവിടലും പ്രോത്സാഹിപ്പിക്കുന്നു. ഫോസ്‌ഫറസ് അടങ്ങിയ വളവുമായി മഗ്നീഷ്യം ഒരിക്കലും സംയോജിപ്പിച്ച് ഉപയോഗിക്കാൻ പാടില്ല.
Share your comments