ഓർക്കിഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി
വാണിജ്യപരമായി ഓർക്കിഡ് വളർത്തുമ്പോൾ തുറസ്സായതും വായുസഞ്ചാരമുള്ളതും വെള്ളക്കെട്ട് ഇല്ലാത്തതുമായ സ്ഥലം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം . തടങ്ങളിലെ വരികളുടെ എണ്ണത്തിന് അനുസൃതമായി 45 cm മുതൽ 1 m വരെ വീതിയുള്ള തടങ്ങൾ ക്രമീകരിക്കുക. തടങ്ങൾ എടുക്കുന്ന പ്രദേശത്തിന് അനുസരിച്ച് ചാലുകളോ, അരഅടി ഉയരത്തിലുള്ള പണകളായോ ക്രമീകരിക്കാവുന്നതാണ്. തടങ്ങളിൽ നിശ്ചിത അകലത്തിൽ GI തൂണുകളോ കോൺക്രീറ്റ് തൂണുകളോ നാട്ടി അവയിൽ കയർ വലിച്ചു കെട്ടി വേണം മോണോപോഡി ഓർക്കിഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ ഓർക്കിഡുകൾ നടാൻ.
ചെടികൾ നടുന്നതിനു മുമ്പായി ഒരടുക്ക് ചരൽ/ മണൽ/ ഓടിൻകഷ്ണങ്ങൾ നിരത്തേണ്ടതാണ്. ഇവയ്ക്ക് മുകളിൽ ഒരടുക്ക് ഉണങ്ങിയ തൊണ്ടുകൾ കമഴ്ത്തി അടുക്കുക. അതിന് മുകളിൽ ചെടികൾ കയറുകളിൽ കെട്ടി ഉറപ്പിച്ചതിനു ശേഷം ശേഷിക്കുന്ന ഭാഗത്തു ചെറിയ തൊണ്ടിൻ കഷ്ണങ്ങളോ കടച്ചിൽ പൊടിയോ ഉപയോഗിച്ച് മൂടുക. 10 മുതൽ 20 cm വരെ കനത്തിൽ ഇവ വിരിക്കാവുന്നതാണ്.
ചെടികൾ കെട്ടി ഉറപ്പിക്കുന്നതിന് പ്ലാസ്റ്റിക് റോപ്പുകൾ/കയർ/കമ്പി എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ഈട് നിൽക്കുന്നതിന് മീൻ പിടിത്തത്തിനുമുപയോഗിക്കുന്ന 4mm/5mm ഫിഷിങ് റോപ്പുകൾ സഹായിക്കും. ചെടികൾ വളരുന്നതിന് അനുസൃതമായി പുതിയ ചരടുകൾ തൂണുകളിൽ ഉയരത്തിൽ കെട്ടി ചെടികൾ അതിൽ ബന്ധിപ്പിക്കേണ്ടതാണ്.
കടുത്ത വേനൽ അനുഭവപ്പെടുന്ന മാസങ്ങളിൽ 30-50% വരെ തണൽ നല്‌കുന്ന തണൽ വലകൾ ഉപയോഗിച്ച് ചൂടിനെ ക്രമീകരിക്കുന്നത് പൂക്കളുടെയും ചെടികളുടെയും സംരക്ഷണത്തിന് നല്ലതാണ്. ഒരു ഏക്കറിൽ ഏകദേശം 30,000 ചെടികൾ വരെ നടാവുന്നതാണ്.
Share your comments