വൈറസ് അണുബാധ വളരെ സാധാരണമാണ്. ഇവ സസ്യങ്ങളെ തൽക്ഷണം നശിപ്പിക്കാതെ സാവധാനം ദുർബലപ്പെടുത്തുന്നു. ഇവ ഇലകളുടെ നിറ വ്യത്യാസത്തിനും പൂക്കളിലെ നിറത്തിലും രൂപത്തിലും ഉണ്ടാകുന്ന അസാധാരണതയ്ക്കും കാരണമാകുന്നു. വൈറസ് ബാധയെ പൂർണമായും നീക്കം ചെയ്യാൻ കഴിയില്ല. ഓർക്കിഡുകളിൽ 18 തരം വൈറസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, വൈറസ് വെള്ളത്തിലൂടെയോ വായുവിലൂടെയോ പടരുന്നില്ല. ഇത് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് കട്ടിങ്ങ് ഉപകരണങ്ങളിലൂടെയോ സസ്യ രസങ്ങളുടെ കൈമാറ്റം വഴിയോ, രോഗബാധയുള്ള നടീൽ വസ്‌തുക്കളിലൂടെയോ പടരുന്നു. അണു വിമുക്തമാക്കിയ ഉപകരണങ്ങളുടെ ഉപയോഗം വൈറസ് പടരുന്നത് തടയാൻ അത്യാവശ്യമായ കാര്യമാണ്. വിവിധ രീതിയിലുള്ള അഴുകൽ രോഗങ്ങൾ ഓർക്കിഡുകളിൽ കാണപ്പെടുന്നു.
ചെടിയുടെ അഗ്രഭാഗത്തോ കാണ്‌ഡങ്ങളിലോ മറ്റ് ഭാഗങ്ങളിലോ ചീയൽ ബാധിക്കാം (മണ്ട ചീയൽ); വേരിലും തണ്ടിലും (കറുത്ത ചീയൽ, വേര് ചീയൽ); അല്ലെങ്കിൽ ഇലകളിൽ വൃത്താകൃതിയിൽ അഴുകുന്നത് (മൃദുവായ ചീയൽ, ബാക്‌ടീരിയൽ തവിട്ട് ചീയൽ) ഉൾപ്പെടെ നിരവധി പൂപ്പൽ ബാധകൾ ഓർക്കിഡുകളിൽ കാണുന്നു.
ചികിത്സ എല്ലായ്പ്പോഴും സമാനമാണ്. അണുബാധ ഉണ്ടായ ഭാഗങ്ങൾ നീക്കം ചെയ്തു ബാക്ടീരിയനാശിനിയോ കുമിൾനാശിനിയോ പ്രയോഗിക്കുക. ബാക്ടടീരിയൽ ചീയൽ, ഇലയിൽ നനഞ്ഞ പാടുകൾ ഉണ്ടാക്കുകയും അതിവേഗം പടരുകയും ചെയ്യുന്നു. രോഗം ബാധിച്ച ഇലയിലെ കോശങ്ങൾ നശിക്കുകയും ദ്രാവകമാവുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഫൈസാൻ, സ്ട്രെപ്റ്റോമൈസിൻ സൾഫേറ്റ് എന്നിവ തളിക്കുന്നത് ഇവയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Share your comments