നേന്ത്രൻ നനകൃഷി തുടരാം. കീടരോഗബാധയില്ലാത്ത നല്ല കുല തരുന്ന മാതൃവാഴയിലെ കന്നുകളാണ് വേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള സൂചിക്കന്നുകൾ വേണം തെരഞ്ഞെടുക്കാൻ. വിളവെടുത്ത് 10 ദിവസത്തിനുള്ളിൽ കന്നുകൾ ഇളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും. കന്നുകളുടെ മുകൾഭാഗം 15-20 സെ.മീറ്റർ നീളത്തിൽ മുറിച്ച് നീക്കണം.
ചാണകവെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴക്കന്നുകൾ നന്നായി മുക്കിയ ശേഷം മൂന്നു നാലു ദിവസം വെയിൽ നേരിട്ട് തട്ടാത്ത വിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽത്തന്നെ ഉണക്കി നടാനുപയോഗിക്കാം.
നടുന്നതിന് മുമ്പ് വാഴക്കന്നുകൾ 2% വീര്യമുള്ള (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) സ്യൂഡോമോണാസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കി വയ്ക്കണം. 50 സെൻ്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കാൽ മുതൽ അര കി.ഗ്രാം കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 10 കി.ഗ്രാം കാലിവളമോ മണ്ണിരകമ്പോസ്റ്റോ, ഒരു കിലോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. ജൈവവളത്തിൻ്റെ കൂടെ ട്രൈക്കോഡെർമ ചേർക്കുന്നതും നന്ന്. വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം. ജീവാണുവളമായ പി.ജി. പി.ആർ മിശ്രിതം 50 ഗ്രാം ഒരു ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്.
നടുന്ന സമയം 90 ഗ്രാം യൂറിയ, 325 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. നട്ട് ഒരു മാസം കഴിഞ്ഞവയ്ക്ക് ഇവ 65 ഗ്രാം, 250 ഗ്രാം. 100 ഗ്രാം എന്ന തോതിൽ ചേർക്കണം.
ഇടവിളയായി ചീര, വെള്ളരി, പയർ, മുളക് നടാം. വാഴക്കന്ന് നട്ടതിനു ശേഷം പച്ചിലവളച്ചെടികളായ ചണമ്പ്, ഡെയിഞ്ച, വൻപയർ തുടങ്ങിയവയുടെ വിത്ത് ഒരു വാഴയ്ക്ക് 20 ഗ്രാമെന്ന തോതിൽ വിതയ്ക്കാം.
വിത്തുകൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ ജില്ലാ കേന്ദ്രങ്ങളിലും, കൃഷിവകുപ്പ് ഫാമുകളിലും നാഷണൽ സീഡ്‌സ് കോർപ്പറേഷൻ 0491-2566414). (0471-2343974, അഗ്രോ സൂപ്പർ ബസാർ (0471-2471347) എന്നിവിടങ്ങളിലും ലഭിക്കും.
Share your comments