കൂൺ തടം നിർമാണത്തിന് മുമ്പായി കൈ ഡെറ്റോൾ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. 30 സെന്റി മീറ്റർ വീതിയും 60 സെന്ററി മീറ്റർ 150-200 ഗേജ് കട്ടിയുമുള്ള പോളിത്തീൻ കവർ/ ട്യൂബ് കവറുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കവറിന്റെ അടിഭാഗം ഒരു ചരട് ഉപയോഗിച്ച് കെട്ടി വയ്ക്കണം. ഇത് കൂൺ തടത്തിന് വൃത്താകൃതി നൽകും. അതോടൊപ്പം അണുവിമുക്തമാക്കിയ സൂചി ഉപയോഗിച്ചു കവറിന് ചുറ്റും ഏതാനും സുഷിരങ്ങൾ ഇടുക.
അണുനശീകരണം നടത്തിയ വൈക്കോൽ 7-8 സെൻ്റിമീറ്റർ കനമുള്ള ചുമ്മാടുകളാക്കി കവറിൽ നിറയ്ക്കണം. പിന്നീട് വൈക്കോലിന് മുളകിലായി കവറിൻ്റെ വശങ്ങളിലൂടെ 20-25 ഗ്രാം (ഒരു പിടി) കൂൺ വിത്ത് വിതറാം. വീണ്ടും അടുത്ത അട്ടി വൈക്കോൽ കവറിൽ നിറച്ച് നന്നായി അമർത്തി മേൽ പറഞ്ഞ രീതിയിൽ കൂൺ വിത്തിടുക. ഇപ്രകാരം നാലോ അഞ്ചോ അട്ടി വൈക്കോലും കൂൺ വിത്തും നിറയ്ക്കുക. അവസാന അട്ടി വൈക്കോലിൻ്റെ മുകളിൽ മുഴുവൻ വീഴുന്ന വിധം കൂൺ വിത്ത് വിതറുക. അതിനു ശേഷം കൂൺ തടം നന്നായി അമർത്തി ഒരു ചരടു ഉപയോഗിച്ചു കെട്ടി സ്പോൺ റണ്ണിംഗ് മുറിയിൽ തൂക്കിയിടുക.
10 മുതൽ 14 ദിവസത്തിനുള്ളിൽ കൂൺ തടം മുഴുവൻ കൂൺ തന്തുക്കൾ വളർന്നു വെളുത്ത നിറമാകും. ഇതാണു കായിക വളർച്ച ഘട്ടം അഥവാ സ്പോൺ റണ്ണിംഗ്. ഈ ഘട്ടത്തിൽ കൂൺ തടത്തിന്റെ കവറുകൾ കീറി മാറ്റുകയോ ഒരിഞ്ച് നീളത്തിൽ തടത്തിനു ചുറ്റും കീറലുകൾ ഉണ്ടാക്കുകയോ ചെയ്യുക. അതിനു ശേഷം കൂൺ തടം വിളവെടുപ്പ് മുറിയിലേക്ക് (ക്രോപ്പിംഗ് മുറി) മാറ്റാം. നിറവ്യത്യാസമുള്ള കൂൺ തടങ്ങൾ കൂൺശാലയിൽ നിന്ന് ഒഴിവാക്കാനും മറക്കരുത്.
Share your comments